30 October, 2025 09:42:03 AM
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു

ന്യൂഡല്‍ഹി: ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് തകർത്ത് യുവതി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഡല്‍ഹിയിലേക്ക് പോയ ട്രെയിനിലാണ് സംഭവം. പഴ്‌സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സമയത്ത് ഇടപെടാത്തതിലും ദേഷ്യപ്പെട്ടാണ് യുവതി എസി കോച്ചിന്റെ നൽ ചില്ല് ഇടിച്ച് തകർത്തത്. യുവതി ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തു. യുവതിയുടെ സമീപത്ത് ഒരു കുട്ടിയിരിക്കുന്നതും വീഡിയോയിൽ കാണാം
യാത്രയ്ക്കിടെ സ്ത്രീയുടെ പഴ്സ് മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കാത്തതിൽ നിരാശയായാണ് യുവവതി ട്രെയിനിന്റെ ജനാലയിൽ തന്റെ ദേഷ്യം തീർത്തത്. ചുറ്റും നില്‍ക്കുന്നവര്‍ ചില്ല് തകര്‍ക്കരുതെന്ന് പറഞ്ഞെങ്കിലും യുവതി പ്ലാസ്റ്റിക് ട്രേ കൊണ്ട് ചില്ലിൽ തുടരെ ഇടിച്ച് തകർക്കുകയായിരുന്നു. ചില്ല് പൊട്ടി സീറ്റിലും തറയിലും വീണ് കിടക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് പ്രതികണമുണ്ടായില്ല.






