10 November, 2025 12:47:24 PM
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടം: വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ; ഫലം 13ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 6 കോർപറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ- 23, 612, ആകെ വോട്ടർമാർ- 2,84,30,761, പ്രവാസി വോട്ടർമാര്‍- 2841. മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതായും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എ ഷാജഹാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന് നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്പനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.






