28 October, 2025 12:38:24 PM


ഡൽഹി ആസിഡ് ആക്രമണത്തിൽ ട്വിസ്റ്റ്‌; വിദ്യാർഥിനിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ



ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ ട്വിസ്റ്റ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസില്‍പ്പെടുത്താന്‍ വേണ്ടിയുളള നാടകമായിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ മൊഴി. 

പെണ്‍കുട്ടിക്കെതിരെയും പൊലീസ് കേസെടുക്കും. ഇരുവരെയും അറസ്റ്റ് ചെയ്യാനും സാധ്യത. കഴിഞ്ഞ ദിവസമാണ് കോളേജിലേക്ക് പോകുംവഴി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കു നേരെ ആസിഡ് ആക്രമണമുണ്ടായതായി കുടുംബം പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ കൈയ്ക്കും വയറിലും പൊളളലേറ്റിട്ടുണ്ട്. മനപ്പൂര്‍വ്വം പൊളളലേല്‍പ്പിച്ചതാകാം എന്നും സംശയം.

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പീഡനപരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവതി പൊലീസിനെ സമീപിച്ചത്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് ആരോപണം.

ലഷ്മിഭായ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണമുണ്ടായതായാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. വിദ്യാര്‍ത്ഥിയുടെ രണ്ട് കൈകള്‍ക്കും ഗുരുതരമായി പൊളളലേറ്റെന്നും സംഭവത്തിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചെന്നും വാർത്തയുണ്ടായിരുന്നു. ജിതേന്ദര്‍, ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ക്കായാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. 

അര്‍മാനാണ് യുവതിക്കുനേരെ ആസിഡ് കുപ്പി എറിഞ്ഞതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ജിതേന്ദ്ര തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നെന്നും ഒരുമാസം മുന്‍പ് അതിന്റെ പേരില്‍ ഇയാളുമായി തര്‍ക്കമുണ്ടായിരുന്നെന്നും ആസിഡ് ആക്രമണത്തിനിരയായ യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ജിതേന്ദ്രയുടെ ഭാര്യയാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K