29 October, 2025 03:20:12 PM
അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

എറണാകുളം: അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റിയിരുന്നു. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്‌നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്. സന്ധ്യയുടെ കാലിനു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. അപകടത്തിൽ വലിയ കോൺക്രീറ്റ് പാളി സന്ധ്യയുടെ കാലിലേക്ക് വീണതിന് പിന്നാലെ കാലിലെ മസിലുകൾക്ക് ക്ഷതമേൽക്കുകയായിരുന്നു.
എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ മസിലുകൾ തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. എന്നാൽ സന്ധ്യയുടെ മകളുടെ മാനസികാവസ്ഥ പരിഗണിച്ച് വാർത്ത പുറത്തുവിടരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ദമ്പതികളെ പുറത്തെത്തിച്ചത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.






