15 November, 2025 11:12:10 AM


വാൽപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിയുടെ വീട് തകർത്തു



വാൽപ്പാറ തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന വീട് ആക്രമിച്ചു. സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപത്താണ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി കാട്ടാന ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പാർവതി എന്ന യുവതിയുടെ പാടിയാണ് ആന ആക്രമിച്ചത്. ആക്രമത്തിൽ വീടിന്റെ അടുക്കള ഭാഗം മുഴുവൻ തകർന്നു. അടുക്കളയിൽ ഉണ്ടായിരുന്ന സാധനങ്ങൾ കാട്ടാന ഭക്ഷിക്കുകയും ജനലും വാതിലും തകർക്കുകയും ചെയ്തിട്ടുണ്ട്.

പാടിയ്ക്ക് സമീപം നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പിന്നീട് ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തിയത്. തുടർച്ചയായി ഈ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഒറ്റ തിരിഞ്ഞ് എത്തുന്നുണ്ടെന്നാണ് സമീപവാസികളുടെ ആശങ്ക. ഇന്നലെ വാൽപ്പാറയിൽ നാല്പതിലധികം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളും കാട്ടാന ആക്രമിച്ചിരുന്നു. ക്‌ളാസ് മുറിയിൽ കയറിയ കാട്ടാന ഡെസ്കും ബെഞ്ചും ഉൾപ്പടെ തകർക്കുകയും ചെയ്തിരുന്നു. ഫെൻസിങ് ഉൾപ്പടെയുള്ളവ സ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930