27 March, 2022 01:34:04 PM
സ്ത്രീകൾക്ക് ആഴ്‌ച്ചയിൽ മൂന്ന് ദിവസം പാർക്കുകളിൽ പ്രവേശനം; പർദ്ദ നിർബന്ധം
കാബൂള്‍: പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പ്രതിവാര ടൈംടേബിള്‍ നിശ്ചയിച്ച് താലിബാന്‍. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ പ്രവേശനം ഉണ്ടാകും. സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിനോദങ്ങള്‍ക്ക് അനുവാദമുള്ളത്. ഇരുകൂട്ടര്‍ക്ക് ഒരുമിച്ചുള്ള പ്രവേശനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധികാരത്തിലെത്തിയതു മുതല്‍ സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ താലിബാന്‍ എപ്പോഴും ഏര്‍പ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞ ദിവസം താലിബാന്‍ ഉത്തരവിട്ടിരുന്നു. അധികാരത്തിലെത്തിയത് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്തിക്കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. ഒടുവില്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം സ്‌കൂളുകള്‍ അടച്ചതായി താലിബാന്‍ പ്രഖ്യാപിക്കുകയായിരുന്നു.