23 March, 2022 02:32:21 PM
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി വിജിലന്‍സ് റിപ്പോർട്ട്
ഉപദേശകസമിതി ദേവസ്വത്തിന് വന്‍ നഷ്ടം വരുത്തുന്നതായി കണ്ടെത്തല്‍
- സ്വന്തം ലേഖകൻമാർ
തിരുവനന്തപുരം/കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വന്‍ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന പിന്നാലെ ക്ഷേത്രം ഭരണാധികാരികള്‍ക്കും ഉപദേശകസമിതിയ്ക്കും എതിരെ പ്രതിഷേധവുമായി ഭക്തജനങ്ങള്‍ രംഗത്തെത്തി. ശ്രീകോവിലിൽ 2021 ജനുവരി 17ന് അഗ്നിബാധ ഉണ്ടായതും മേൽശാന്തിയും കൈസ്ഥാനീയരും ജീവനക്കാരും ചേർന്ന് രണ്ടു മണിക്കൂർ ശ്രമിച്ച് തീ അണച്ചതും പുറംലോകം അറിയാതെ ഒതുക്കിവെച്ചത് ക്ഷേത്രഭരണം ഭക്തജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി നടന്നുവരുന്നതിന്‍റെ തെളിവാണെന്ന് ഭക്തജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
അഗ്നിബാധയില്‍ മൂലവിഗ്രഹത്തിന് വങ്ങൽ ഉണ്ടാവുകയും വെള്ളിപീഠം ഉരുകുകയും ചെയ്ത ഗുരുതരമായ തീപിടുത്തം ഉണ്ടായിട്ടും ആവശ്യമായ പരിഹാര ക്രിയകൾ ചെയ്യാന്‍ ക്ഷേത്ര അധികാരികൾ തയ്യാറായില്ല. വര്‍ഷങ്ങളായി ക്ഷേത്രഭരണം ചില നിക്ഷിപ്‌ത താല്പര്യക്കാരുടെ കൈകളിലാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഭക്തജനങ്ങളെ ധിക്കരിച്ചുമുള്ള ഒരു മാഫിയയാണ് ക്ഷേത്രഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവത്തിന് ഉൾപ്പെടെ ലഭിക്കുന്ന പണത്തിന് രസീതുകൾ നൽകുകയോ വഴിപാടുകൾ സുതാര്യമായി നടത്തുകയോ ചെയ്യുന്നില്ല. ക്ഷേത്ര കലാപരിപാടികൾക്ക് കമ്മീഷൻ കൈപ്പറ്റുന്നതുള്‍പ്പെടെ വന്‍ അഴിമതിയാണ് ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ഭക്തരുടെ യോഗം ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള ക്ഷേത്രസംരക്ഷണ സമിതി ഓഫീസില്‍ നടക്കുമെന്ന് പ്രസിഡന്‍റും സെക്രട്ടറിയും അറിയിച്ചു.
സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലുണ്ടായ വീഴ്ചകള്‍ക്കുപുറമെ ശ്രീകോവിലില്‍ അഗ്നിബാധ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വംബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകള്‍ നടത്താതെ ആചാരലംഘനം നടന്നുവെന്നുമായിരുന്നു ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ഒട്ടനവധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ് പി ബിജോയ് ദേവസ്വം പ്രസിഡന്‍റിന് സമര്‍പ്പിച്ചത്.
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷ മാല കാണാതായതു സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലന്‍സിന്‍റെ പ്രധാന അന്വേഷണം. രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് കണ്ടെത്തിയ വിജിലന്‍സ്, ക്രിമിനല്‍ സിവില്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുൻ മേൽശാന്തി കേശവൻ സത്യേഷിനെ കൂടാതെ തിരുവാഭരണങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാറിനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്.
മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്നിബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുന്നത്. അഗ്നിബാധയില്‍ മൂലബിംബത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടാകുകയും വെളളിപീഠം ഉരുകുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്യ്, എണ്ണ, കര്‍പ്പൂരം എന്നിവ ശ്രീകോവിലിനുള്ളില്‍ കുട്ടകളില്‍ കൂട്ടിവെച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അഗ്നിബാധയുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നു മറച്ചുവെച്ചു. അഗ്നിബാധയുണ്ടായാല്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഗ്നിബാധയില്‍ കേടുപറ്റിയ സ്വര്‍ണ പ്രഭയിലെ 3 സ്വര്‍ണ നാഗപത്തികള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ വിളക്കിച്ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
അഗ്നിബാധയില്‍ മൂലബിംബത്തിനുണ്ടായ വങ്ങല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഉരച്ചുകഴുകിയതിലൂടെയാണ് അല്‍പമെങ്കിലും മാറ്റിയെടുത്തത് എന്ന് മുട്ടുശാന്തി അവകാശികള്‍ മൊഴി നല്‍കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് അഗ്നിബാധയുടെ വിവരം ദേവസ്വം ബോര്‍ഡില്‍നിന്നും ഭക്തജനങ്ങളില്‍നിന്നും മറച്ചുവെച്ചതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരം കുടം അഭിഷേകം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഭക്തരില്‍ നിന്നും രസീത് നല്‍കാതെ പണപിരിവ് നടത്തിയതായും പത്തുലക്ഷം രൂപയ്ക്ക് മേല്‍ ചെലവ് വരുന്ന പരിഹാരക്രീയകള്‍ക്ക് ഉപദേശകസമിതി പകുതി തുക മാത്രം ചെലവഴിച്ച് അഴിമതി നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനലക്ഷ്മി ബാങ്ക് വഴി സംശയാസ്പദമായ ഒട്ടനവധി ഇടപാടുകള്‍ നടത്തിയിട്ടുള്ളത് പരിശോധനയില്‍ വെളിവായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനവും വരവ് - ചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപദേശകസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കാലാകാലങ്ങളില്‍ വരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുമായുണ്ടാക്കുന്ന അവിശുദ്ധകൂട്ടുകെട്ടിലൂടെ ദേവസ്വം ബോര്‍ഡിന് വന്‍നഷ്ടം ഉണ്ടാക്കുന്ന രീതിയിലുള്ള അഴിമതിയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുമുകളിലായി തുടരുന്ന ഉപദേശകസമിതി കാഴ്ചവെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്സവാഘോഷങ്ങള്‍ ഇനിമേല്‍ ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ മതിയെന്നും ഉപദേശകസമിതി, അഡ്ഹോക്ക് കമ്മറ്റി എന്നിവരെ ഒഴിവാക്കണമെന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഉപദേശകസമിതിയുടെ പ്രവര്‍ത്തനങ്ങളും വരവ് ചെലവ് കണക്കുകളും ഓഡിറ്റ് ചെയ്യണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പ്രശ്നപരിഹാരസമയത്തെ കണക്കുകള്‍ സമര്‍പ്പിക്കാത്തതിലും 2021ലെ ഉത്സവനടത്തിപ്പിലെ സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ ചെലവുകള്‍ പ്രസിദ്ധീകരിക്കാത്തതിലും ഉപദേശകസമിതി, എ.ഓ എന്നിവരില്‍നിന്നും വിശദീകരണം തേടി കര്‍ശനനടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നു. അടിയന്തിരമായി അഷ്ടമംഗല ദേവപ്രശ്നം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. വിജിലന്‍സ് എസ്പി പി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.