19 March, 2022 08:01:59 AM
റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയോട് അമേരിക്ക
വാഷിംഗ്ടണ്‍: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും റഷ്യയെ പിന്തുണച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ചൈനയെ അമേരിക്ക ഓര്‍മിപ്പിച്ചു. റഷ്യ ജൈവായുധം പ്രയോഗിക്കാനുള്ള സാധ്യത ഈ ഘട്ടത്തിലും തള്ളിക്കളയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നത് ചൈനയ്ക്ക് ഒട്ടും നല്ലതാകില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.
വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്‌സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല. ഏഴായിരത്തിലധികം റഷ്യന്‍ സൈനികര്‍ ഇതിനോടകം യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.