13 March, 2022 06:21:26 PM
'ആൺകുട്ടികളെ ഉത്തേജിപ്പിക്കും': പെൺകുട്ടികൾ മുടി പോണിടെയില്‍ കെട്ടുന്നതിന് നിരോധനം
ടോക്യോ: പെൺകുട്ടികൾ മുടി പോണിടെയിലായി കെട്ടുന്നതിന് ജപ്പാനിലെ സ്കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പെൺകുട്ടികൾ മുടി പോണിടെയിലായി കെട്ടുമ്പോൾ അവരുടെ കഴുത്തിന്റെ പിൻഭാഗം കാണുമെന്നും ഇത് ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
രാജ്യത്ത് ഏർപ്പെടുത്തിയ ഈ പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ചില സ്കൂളുകൾ ഈ നിരോധനം ഏർപ്പെടുത്തുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും രാജ്യാന്തര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ജപ്പാനിൽ ആദ്യമായല്ല ഇത്തരത്തിൽ വിചിത്ര നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർഥികൾ ധരിക്കാൻ പാടുള്ളൂവെന്ന തരത്തിൽ നിയമം ഇറക്കിയിരുന്നു. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം വിചിത്ര നിയമങ്ങൾ ഏകപക്ഷീയമായാണ് നടപ്പാകുന്നത്. ഈ നിയമങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഇവ അംഗീകരിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാർഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും പിന്തുടരുന്നതായുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്.
കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്കായി വസ്ത്രം മാറുമ്പോൾ സ്കൂളുകളിൽ പ്രത്യേകമായി നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്‌ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ഈ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളും അടുത്തകാലത്തായി ഉയരുന്നുണ്ട്.