12 March, 2022 04:57:22 PM
ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനും റഷ്യയില്‍ നിരോധനം
മോസ്കോ: അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. ഇതിന് മുമ്പ് ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്‌സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫെയ്സ്ബുക്കിനെതിരേ നിരോധനം ഏർപ്പെടുത്തിയിരുന്നത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്.
റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഈ നടപടി കൊണ്ടുള്ള പ്രത്യാഘാതം വളരെ വലുതാണ്. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം വിലയിരുത്തി. റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വേണ്ടി സമയം നല്‍കുന്നതിനാണ് നിരോധനം നേരത്തെ പ്രഖ്യാപിച്ചത്.
റഷ്യയ്ക്ക് നേരെയുള്ള യുക്രൈൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ കമ്പനികളും റഷ്യന്‍ ഭരണകൂടവും അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഇതോടെ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിരോധനം. റഷ്യയുടെ സൈനിക നടപടിക്കെതിരെ റഷ്യന്‍ ജനതയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതിനൊപ്പമാണ് ജനപ്രിയ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച് റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നത്.