12 March, 2022 04:51:12 PM


യു എസ് പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍; ഉത്തരവാദി പുടിനെന്ന് ബൈഡന്‍



വാഷിംഗ്ടണ്‍:  യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പണപ്പെരുപ്പ നിരക്ക് 7.9 ശതമാനം ഉയര്‍ന്നെന്നാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. 1982ന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഈ നിലയില്‍ ഉയരുന്നത്. വിതരണ ശ്രംഖലയിലെ തടസങ്ങള്‍ ഗതാഗത ചെലവ് വര്‍ധിപ്പിച്ചതിനൊപ്പം റഷ്യ- യുക്രൈന്‍ സംഘര്‍ഷം ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ജനുവരിയില്‍ 7.5 ശതമായിരുന്ന വിലക്കയറ്റ നിരക്ക് 7.9 ശതമാനത്തേക്ക് അതിവേഗം കുതിച്ചുയരുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വരുന്ന 12 മാസങ്ങളില്‍ സമ്പദ് വ്യവസ്ഥയില്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വിതരണ ശ്രംഖലയിലെ തടസങ്ങള്‍ അടിയന്തരമായി പരിഗണിക്കപ്പെടേണ്ട വിഷയമാണെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ വ്യക്തമാക്കി.

യുഎസ് വിലയക്കയറ്റത്തിന് ഉത്തരവാദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണെന്നായിരുന്നു മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈന്യത്തെ വിന്യസിച്ചതുമുതല്‍ ഗ്യാസോലിന്‍ വില വര്‍ധിച്ചുതുടങ്ങിയെന്ന് ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഡെമോക്രാറ്റുകള്‍ കഴിഞ്ഞ വര്‍ഷം 1.9 ട്രില്യണ്‍ ഡോളര്‍ ഇന്ധനത്തിനായി ചെലവാക്കിയത് സ്ഥിതിഗതികള്‍ വഷളാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും വ്‌ലാദിമിര്‍ പുടിന്റെ അധിനിവേശ നീക്കങ്ങളാണ് ലോകത്തെയാകെ ബാധിച്ചതുമെന്നാണ് ബൈഡന്‍ മറുപടി പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K