06 March, 2022 12:08:41 PM
യുക്രൈന്‍ അഭയാർത്ഥികള്‍ക്ക് സഹായമായി 'അമ്മ' പോൾസ്‌ക അസോസിയേഷൻ
വാർസോയി: യുക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമെല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്‍റിയർമാർ. പോളണ്ടിലേക്കെത്തുന്ന അഭയാർഥികളെ തലസ്ഥാനമായ വാർസോയിലേക്ക് ബസ് മാർഗം എത്തിക്കുകയും ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിൽ ഇവർ മുഴുവൻ സമയവും വ്യാപൃതരാണ്.
യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടു വരുന്നവർക്ക് വസ്ത്രങ്ങൾ, ഷൂസുകൾ, ഭക്ഷണം, പുതപ്പുകൾ എന്നിവ വിതരണം ചെയ്യാൻ കടുത്ത ശൈത്യത്തെ അവഗണിച്ചും പോളണ്ടിലെ സന്നദ്ധപ്രവർത്തകർ അതിർത്തിയിൽ തുടരുകയാണ്. താമസിക്കാൻ സൗകര്യങ്ങൾ ലഭിക്കാത്തവർക്ക് ഇതിനുള്ള സൗകര്യം ഇവർ ഒരുക്കി നൽകുന്നു. യുദ്ധമേഖലകളിൽ നിന്ന് രക്ഷപ്പെടാൻ ദീർഘദൂരം യാത്രചെയ്ത് എത്തുന്നവരെ സഹായിക്കുകയെന്നതാണ് ഈ സന്നദ്ധപ്രവർത്തകരുടെ ലക്ഷ്യം. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളെ സഹായിക്കാൻ പോളണ്ടിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്‍റിയർമാരുടെ കൂട്ടായ്മയായ അമ്മ പോൾസ്‌ക അസോസിയേഷൻ സദാ സമയവും സജീവമായി രംഗത്തുണ്ട്.
''യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് യുക്രൈനിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പോളണ്ടിലേക്ക് വരുന്നത്. ഇവരെല്ലാം ഇവിടുത്തെ തെരുവുകളിലാണ് കൂട്ടം കൂട്ടമായി തങ്ങുന്നത്. അമ്മയുടെ പോളണ്ടിലെ മക്കളായ ഞങ്ങൾ ആളുകളുടെ ഈ ദുരവസ്ഥ കണ്ടപ്പോൾ സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തിൽ തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.' അമ്മ പോൾസ്‌ക അസോസിയേഷനുമായി ചേർന്നുള്ള സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധപ്രവർത്തകരിൽ ഒരാളായ മർസിൻ ക്രോൾ മാധ്യമങ്ങളോട് പറഞ്ഞു.
'പോളണ്ടിലെ ലോഡ്സ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്ററുമായും ലോഡ്സ് നഗരത്തിലെ ഉദ്യോഗസ്ഥരുമായും ചേർന്നാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. ഇന്ത്യക്കാരും മറ്റ് രാജ്യക്കാരുമായ ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതിന് യുക്രൈൻ നഗരങ്ങളിലെ കേന്ദ്രങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. യുക്രൈനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പോളണ്ട് അതിർത്തിയിലേക്ക് കൊണ്ടു വരുന്നതായി അറിഞ്ഞപ്പോൾ ഞങ്ങൾ ഉടൻ തന്നെ സജീവമായി. അവരെ എല്ലാവരെയും സുരക്ഷിതമായി വാർസോയിലേക്ക് കൊണ്ടു പോകുകയും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.' മർസിൻ ക്രോൾ കൂട്ടിച്ചേർത്തു.
അതിർത്തി കടന്നെത്തുന്ന എല്ലാ അഭയാർത്ഥികളെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതിൽ പോളണ്ടിലും ഹംഗറിയിലും റൊമാനിയയിലുമുള്ള അമ്മയുടെ വൊളന്റിയർമാരുടെ അർപ്പണബോധം വളരെയേറെ പ്രചോദനം നൽകുന്നതാണെന്ന് മാതാ അമൃതാനന്ദമയീമഠത്തിന്റെ യൂറോപ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്വാമി ശുഭാമൃതാനന്ദ പറഞ്ഞു. അമ്മ പോൾസ്‌ക അസോസിയേഷന് പിന്തുണ നൽകുന്നതിനായി, മാതാ അമൃതാനന്ദമയി മഠത്തിന്റെ ജർമ്മനിയിലെ ആശ്രമത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും പോളിഷ് അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മ്യൂണിക്കിൽ ജോലി ചെയ്യുന്ന ശ്രീപ്രിയയും രോഹിത്തുമെല്ലാം മറ്റു തിരക്കുകളെല്ലാം ഒഴിവാക്കി ഇത്തരത്തിൽ സേവനത്തിനായെത്തിയതാണ്. ' അതിർത്തി കടന്നെത്തുന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്,'' ഇരുവരും പറയുന്നു.