27 February, 2022 12:05:41 PM


യുക്രൈനിലെ എണ്ണസംഭരണ ശാലയിൽ മിസൈലാക്രമണം; വിഷ വാതകം ചോരുന്നതായി ആശങ്ക



കീവ് : യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ  നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും എത്തിയതായാണ് വിവരം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായി. 

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായച്. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഖാർകീവിലെ ഒരു അപ്പാർട്ട്മെന്‍റിന് നേരെ റഷ്യൻ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. 

അതേ സമയം, സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബെൽജിയവും ജർമനിയും യുക്രൈന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.  യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രൈനിന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉൽപ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം നെതർലാൻഡിന് അനുമതി നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K