19 February, 2022 10:22:44 AM
ഇറ്റാലിയൻ കപ്പലിലെ തീപിടിത്തം: 277 പേരെ രക്ഷപ്പെടുത്തി; 11 യാത്രക്കാരെ കാണാനില്ല
ആഥൻസ്: മെഡിറ്റനേറിയനിൻ കടലിൽ തീപിടിത്തമുണ്ടായ യാത്രാകപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 277 പേരെ ഗ്രീക്ക് തീരസംരക്ഷണസേന രക്ഷപെടുത്തി. 11 യാത്രക്കാരെ കാണാതായി. ബൾഗേറിയറിയ, റുമാനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു യാത്രക്കാരിലേറെയും.
ജർമനിയിൽനിന്ന് അമേരിക്കയിലേക്ക് ആയിരക്കണക്കിന് ആഡംബരക്കാറുകളുമായി പോകവേ തീപിടിച്ച ചരക്കുകപ്പലിനെ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതു പൂർണമായി വിജയിച്ചിട്ടില്ല. പനാമ കൊടിയേന്തിയ ഫെലിസിറ്റി എസ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. മൂന്നു ഫുട്ബോൾ മൈതാനത്തിന്റെ അത്ര വലിപ്പമുള്ള കൂറ്റൻ കപ്പലാണിത്. നിരവധി രക്ഷാ സംഘങ്ങൾ ഇപ്പോൾ കപ്പലിനു സമീപം ദൗത്യവുമായി എത്തിച്ചേർന്നിട്ടുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിൽ പോർച്ചുഗലിന്റെ അസോറസ് ദ്വീപിനു സമീപത്തായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചതായി പോർച്ചുഗീസ് നാവികസേന അറിയിച്ചു. ഫോക്സ്വാഗൺ, പോർഷെ, ഓഡി, ലംബോർഗിനി എന്നീ ബ്രാൻഡുകളുടെ 3965 കാറുകൾ കപ്പലിലുള്ളതായാണു വിവരം. കാറുകളുടെ എണ്ണം ഫോക്സ്വാഗൺ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫെലിസിറ്റി ഏസിൽ തങ്ങളുടെ 1100 വാഹനങ്ങളുള്ളതായി ഫോക്സ്വാഗണിന്റെ ഉപവിഭാഗമായ പോർഷെ അറിയിച്ചു. ബുധനാഴ്ചയാണു കപ്പലിലെ ഒരു കാർഗോ ഡെക്കിൽ തീ പിടിച്ചത്.
തീ പടർന്നതോടെ കപ്പലിലെ ക്രൂ അംഗങ്ങൾ സഹായം തേടുകയായിരുന്നു. പോർച്ചുഗൽ വ്യോമസേനയും രക്ഷാ പ്രവർത്തനത്തിനുണ്ട്. കപ്പൽ കെട്ടിവലിച്ചു തീരത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു പോർച്ചുഗീസ് നാവികസേന അറിയിച്ചു. 2019 ലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ഗ്രാൻഡെ അമേരിക്ക എന്ന ചരക്കുകപ്പലിനു തീ പിടിച്ച് ഓഡി, പോർഷെ ബ്രാൻഡുകളുടേതടക്കം 2,000 ആഡംബരക്കാറുകളാണു നശിച്ചത്.
60,000 ടൺ ഭാരമുള്ള ചരക്ക് കപ്പലിന്റെ സാധന സാമഗ്രികൾ തീപിടിത്തത്തിൽ എത്രത്തോളം നഷ്ടമായെന്ന് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. പ്രശ്നം കൈകാര്യം ചെയ്യാൻ 16 വിദഗ്ധരുടെ ഒരു സംഘത്തെ എത്തിച്ചിട്ടുണ്ട്. കപ്പലിലെ തീ അണയ്ക്കാൻ സഹായിക്കാൻ സ്പെയിനിൽനിന്നും നെതർലാൻഡ്സിൽനിന്നും പ്രത്യേക ഉപകരണങ്ങൾ അവിടേക്ക് എത്തിക്കുന്നുണ്ട്.