11 February, 2022 11:50:44 AM
'കാര്യങ്ങള്‍ വഷളായേക്കാം'; യുക്രൈനില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: യുക്രൈന്‍ - റഷ്യ പ്രതിസന്ധി തുടരുന്നതിനിടെ യുക്രൈനില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഉടനെ രാജ്യം വിടാനാണ് പ്രസഡിന്‍റ് ജോ ബൈഡന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മള്‍ ഇടപെടുന്നത്. റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ബിസി ന്യൂസുമായുള്ള അഭിമുഖത്തിലാണ് പൗരന്മാരോട് എത്രയും വേഗം യുക്രൈന്‍ വിടാന്‍ ജോ ബൈഡന്‍ പറഞ്ഞത്. വളരെ വ്യത്യസ്ഥമായ സാഹചര്യമാണെന്നും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ വഷളായേക്കാമെന്നും പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നല്‍കിയിരിക്കുന്നത്. റഷ്യ യുക്രൈന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ബെൽജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. അതേസമയം റഷ്യയുടെ സുരക്ഷ പരമപ്രധാനമാണെന്നും അതിക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.