01 February, 2022 08:15:15 AM
വ്യവസായ സ്ഥാപനങ്ങൾക്ക് കോർപറേറ്റ് ടാക്സ്; യുഎഇയിൽ നികുതി പരിഷ്കരണം
അബുദാബി: വൻ നികുതി പരിഷ്കരണം നടപ്പാക്കൊനൊരുങ്ങി യുഎഇ. രാജ്യത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് കോർപറേറ്റ് ടാക്സ് ഏർപ്പെടുത്താൻ തീരുമാനമായി. 2023 ജൂൺ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വർഷം മുതൽ കോർപറേറ്റ് ടാക്സ് നിലവിൽ വരും. സ്ഥാപനങ്ങളുടെ ലാഭത്തിന്റെ ഒമ്പതു ശതമാനമാണ് നികുതി ഈടാക്കുക. എന്നാൽ 3.75 ലക്ഷം ദിർഹത്തിൽ താഴെ ലാഭമുള്ള ചെറുകിട കമ്പനികൾ നികുതി നൽകേണ്ടതില്ല.
ചെറുകിട സംരഭങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. അതേസമയം വ്യക്തികൾക്ക് നികുതി നൽകേണ്ടി വരില്ല. ജോലിയിൽ നിന്നോ റിയൽ എസ്റ്റേറ്റിൽ നിന്നോ മറ്റേതെങ്കിലും നിക്ഷേപങ്ങളിൽ നിന്നോ വരുമാനം ലഭിക്കുന്ന വ്യക്തിയാണെങ്കിലും നികുതിയിൽ നിന്നും ഒഴിവാകും. നികുതി രഹിത സമ്പദ് വ്യവസ്ഥയിൽ നിന്നും നികുതിയധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുളള രാജ്യത്തിന്റെ മാറ്റമായാണ് ഇതിനെ നിക്ഷേപകർ കാണുന്നത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാൻ പുതിയ തീരുമാനം വഴിയൊരുക്കും. 2018 ജനുവരി ഒന്നു മുതലാണ് രാജ്യത്ത് വാറ്റ് നിലവിൽ വന്നത്. അതിന് പിന്നാലെയാണ് വരുമാന നികുതിയിലേക്ക് രാജ്യം കടക്കുന്നത്. നിലവിൽ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും മാത്രമാണ് രാജ്യത്ത് കോർപറേറ്റ് നികുതി ബാധികമായിട്ടുള്ളത്.