07 January, 2022 08:02:36 PM
സൗദിയിൽ ക്വാറന്‍റീൻ ലംഘിച്ചാൽ 20 ലക്ഷം പിഴയോ രണ്ടു വർഷം തടവോ ശിക്ഷ
റിയാദ്: സൗദി അറേബ്യയിൽ ക്വാറന്റീൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ (ഏതാണ്ട് 20 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ രണ്ടുവർഷം തടവുശിക്ഷയോ ലഭിക്കും. കൊവിഡ് രോഗം ബാധിച്ചവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആയിട്ടുള്ളവർ ക്വാറന്റീൻ നിയമം ലംഘിച്ചാലാണ് ഈ പിഴയും തടവുശിക്ഷയും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
നിയമലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് പിഴ ഇരട്ടിയാകും. വിദേശികളാണെങ്കിൽ അവരെ പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു.
നിലവില്‍ വാക്‌സിന് ഡോസുകള്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഏഴു ദിവസം കഴിഞ്ഞും വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കും. ഈ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് കൊവിഡ് പരിശോധന നടത്തേണ്ടതില്ല. ഈ കാലയളവ് കഴിഞ്ഞാല്‍ ഇവരുടെ തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ ആയതായി രേഖപ്പെടുത്തും. നേരത്തെ ഇത് എല്ലാവര്‍ക്കും 14 ദിവസങ്ങളായാണ് നിശ്ചയിച്ചിരുന്നത്.