07 January, 2022 08:47:50 AM
2021ൽ കുവൈറ്റ് വിട്ടത് രണ്ടര ലക്ഷം വിദേശികൾ; 23,000 കുവൈത്തികൾ തൊഴിലിൽ പ്രവേശിച്ചു
കുവൈറ്റ് സിറ്റി: കഴിഞ്ഞവർഷം രണ്ടര ലക്ഷത്തിലധികം വിദേശികൾ കുവൈറ്റിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായി കണക്കുകൾ. കുവൈറ്റ് വിട്ട 2,57,000 പേരിൽ 2,05,000 പേർ സ്വകാര്യ മേഖലയിലുള്ളവരും 7000 പേർ സർക്കാർ വകുപ്പ് ജീവനക്കാരുമായിരുന്നു. 41,200 ഗാർഹികത്തൊഴിലാളികളും കുവൈത്ത് വിട്ടു.
കോവിഡ് പ്രതിസന്ധിയും 60 വയസ് പ്രായപരിധിയും സ്വദേശിവത്കരണവും ആണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്. 23,000 കുവൈത്തികൾ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിൽ കൂടുതലും സർക്കാർ മേഖലയിലാണ്. നിലവിൽ രാജ്യത്തെ തൊഴിൽ വിപണിയിൽ 27 ലക്ഷത്തിലധികം പേരുള്ളതായാണ് കണക്കുകൾ. ഇതിൽ 16.2 ശതമാനം സ്വദേശികളാണ്.