10 December, 2021 07:54:38 AM
വിന്റർ ഒളിമ്പിക്സ്: നയതന്ത്ര ബഹിഷ്കരണവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും
വാൻകൂവർ: അമേരിക്കയ്ക്കു പിന്നാലെ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളും ഫെബ്രുവരിയിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിനു നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചു. ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണിത്.
മന്ത്രിമാരോ സർക്കാർ പ്രതിനിധികളോ വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ അറിയിച്ചു. കായികതാരങ്ങൾ പങ്കെടുക്കും. സിൻജിയാംഗിലെ പ്രശ്നങ്ങളെക്കുറിച്ച് നയതന്ത്രതലത്തിൽ ചർച്ച നടത്താനുള്ള ശ്രമത്തോടു ചൈന പ്രതികരിക്കാത്ത സാഹചര്യത്തിലാണു ബഹിഷ്കരണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
മനുഷ്യാവകാശ ലംഘനങ്ങളിൽ പാശ്ചാത്യ ലോകത്തിനുള്ള ഉത്കണ്ഠ ചൈനയ്ക്ക് അറിവുള്ളതാണെന്നും തീരുമാനത്തിൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
അമേരിക്കയും ബ്രിട്ടനും ഒളിന്പിക്സിനെ രാഷ്ട്രീയവേദിയാക്കുകയാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ പ്രതികരിച്ചു. അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഒളിന്പിക്സിനു ക്ഷണിച്ചിട്ടില്ലെന്നും ബഹിഷ്കരണം പ്രഖ്യാപിച്ചു നാടകം കളിക്കുകയാണെന്നും ചൈനയിലെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം സിൻജിയാംഗിലെ ഉയിഗർ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയും ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആരോപണം.