07 December, 2021 04:12:10 PM
യുഎഇയില്‍ ആഴ്ചയിൽ നാലര ദിവസം ജോലി; ശനിയും ഞായറും ഉള്‍പ്പെടെ രണ്ടര ദിവസം അവധി
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. ജോലിക്കെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സൗകര്യത്തിന് അപേക്ഷിക്കാം. സർക്കാർ ഓഫീസുകളുടെ പ്രവർത്തിദിനത്തിലും സമയത്തിലും ഇതോടെ മാറ്റം വരികയാണ്.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന വാരാന്ത്യ അവധി രണ്ടര ദിവസം നീണ്ടു നിൽക്കും. ലോകത്ത് ഏറ്റവും നീണ്ട വാരാന്ത്യ അവധിയുള്ള രാജ്യമായി യുഎഇ ഇതോടെ മാറും.
ജുമാ നമസ്കാരം ഇനിമുതൽ ഉച്ചയ്ക്ക് 1.15-ന് ആയിരിക്കും. ഉച്ചയ്ക്ക് 12.15ഓടെ നടക്കുന്ന ജുമാ നമസ്കാരമാണ് ഒരു മണിക്കൂർ മാറ്റിവയ്ക്കുന്നത്. ഇതിന് ശേഷമാകും വെള്ളിയാഴ്ച കുത്തുബ. ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണ് യുഎഇയുടേത്. 2022 ജനുവരി ഒന്നു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക.
ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച അവധി നൽകുന്ന രാജ്യമായും യുഎഇ മാറുകയാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ഗൾഫ് രാജ്യങ്ങളിലെ അവധി. എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയും ജനുവരിമുതൽ മാറും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി,ഞായർ ദിവസങ്ങളിലും ഇനി അവധിയാകും. യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി അന്താരാഷ്ട്ര കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
സർക്കാർ ജീവനകാർക്ക് ഏറ്റവും നീണ്ട വാരാന്ത്യ അവധിയുള്ള രാജ്യമായും യുഎഇ മാറുന്നു. ആഴ്ചയിൽ നാലര ദിവസം മാത്രമാകും സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം. ആഴ്ചയിൽ ആകെ മുപ്പത്തിയാറര മണിക്കൂർ. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും.
ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന മുഖവുരയോടെയാണ് യുഎഇ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നീണ്ട വാരാന്ത്യ അവധി ജീവനകാർക്ക് കൂടുതൽ സന്തോഷം നൽകുമെന്നും ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും യുഎഇ പറയുന്നു. സർക്കാർ മേഖലയിലെ അവധി പുനഃ ക്രമീകരിച്ചതോടെ സ്വകാര്യ മേഖലയിലും മാറ്റമുണ്ടാകും. ആഴ്ചയിൽ വെള്ളിയാഴ്ച മാത്രം അവധി നൽകുന്ന കമ്പനികൾ ഇത് ശനിയാഴ്ചയിലേക്കോ ഞായറാഴ്ചയിലേക്കോ മാറ്റും. വെള്ളി, ശനി അവധി നൽകിയിരുന്ന കമ്പനികൾ വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച അവധി നൽകും. വരും ദിവസങ്ങളിലാകും കമ്പനികൾ തീരുമാനം പ്രഖ്യാപിക്കുക..