05 December, 2021 08:42:38 PM


7.7 കോടി രൂപ അക്കൗണ്ടിലെത്തി; ഉറക്കം നഷ്ടപ്പെട്ട യുവതി അവസാനം ഉടമയെ കണ്ടെത്തി!



ലണ്ടൻ: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 7.7 കോടി രൂപയുടെ ഉടമയെ ഒരുവർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് യുവതി. ഒരു വർഷത്തോളം തന്‍റെ ഉറക്കം കെടുത്തിയ സംഭവത്തെ അതിശയകരമെന്നും അവിശ്വസനീയമെന്നും പേടിസ്വപ്നമെന്നുമാണ് യുവതി വിശേഷിപ്പിക്കുന്നത്. ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസാണ് അബദ്ധത്തിൽ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വൻതുക അക്കൗണ്ടിൽ വന്ന വിവരം യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുമ്പോഴായിരുന്നു ഇത്. 7.7 കോടി രൂപയോളമാണ് അക്കൌണ്ടിലെത്തിയത്. അബദ്ധത്തിൽ നിക്ഷേപിച്ചതാകുമെന്നും, അവർ തന്നെ അത് തിരിച്ചുപിടിക്കുമെന്നുമാണ് കരുതിയത്. കൂടാതെ ഭയം കാരണം ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാൽ മാസങ്ങൾ കടന്നുപോയിട്ടും അക്കൗണ്ടിലെത്തിയ പണം യഥാർഥ അവകാശി തിരിച്ചെടുത്തില്ല.

ഇതോടെയാണ് യുവതി, ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസാണ് അബദ്ധത്തിൽ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് വ്യക്തമായത്. ഇതിനിടെ ഒരു അത്യാവശ്യം വന്നപ്പോൾ ഇതിൽനിന്ന് കുറച്ച് പണം ചെലവഴിക്കുകയും ചെയ്തു. ഈ പണം എങ്ങനെ തിരികെ നൽകുമെന്നതാണ് ഇപ്പോൾ യുവതിയുടെ ആശങ്ക. ആ തുക തിരിച്ചടക്കാനുള്ള സാമ്പത്തികശേഷം തനിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 

അതേസമയം സംഭവം വാർത്തയായതോടെ ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് വിശദീകരണവുമായി രംഗത്തെത്തി. പാഴ്സൽ കസ്റ്റംസ് ഡ്യൂട്ടിയിൽ റിബേറ്റായി 23.39 പൌണ്ട് യുവതിക്ക് നൽകാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ 7.7 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. ജീവനക്കാരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് വിശദീകരിക്കുന്നു. അക്കൌണ്ടിൽ മാത്രമായി നിക്ഷേപിക്കപ്പെട്ടതിനാൽ സംഭവം കണ്ടെത്താനുമായില്ല. ഇപ്പോൾ ഈ വിവരം യുവതി പുറത്ത് പറഞ്ഞതുകൊണ്ടാണ് തങ്ങളുടെ ശ്രദ്ധയിൽ വന്നത്. അവർക്ക് നന്ദി പറയുന്നു. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് പണം തിരികെ എടുക്കുന്നതിനുള്ള ശ്രമത്തിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K