26 November, 2021 08:58:23 AM
ജർമനിയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി അന്നലീന ബെയർബോക്കിനെ പ്രഖ്യാപിച്ചു
ബെർലിൻ: ജർമനിക്ക് ആദ്യ വനിതാ വിദേശകാര്യമന്ത്രിക്ക് കളമൊരുങ്ങുന്നു. ഗ്രീൻ പാർട്ടി സഹനേതാവ് അന്നലീന ബെയർബോക്കാണ് ജർമനിയുടെ അദ്യ വനിത വിദേശകാര്യമന്ത്രിയാകുന്നത്. ഗ്രീൻ പാർട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 26ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ജർമനിയിൽ ഗ്രീൻ പാർട്ടിയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ രൂപവത്കരിക്കാൻ ധാരണയായിരുന്നു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി എന്നിവയുടെ സഖ്യത്തിനു ബുധനാഴ്ച തത്വത്തിൽ ധാരണയായി. ത്രികക്ഷി സർക്കാർ നിലവിൽവന്നാൽ ഡിസംബർ ആദ്യം അന്നലീന മന്ത്രിയാകും. 40കാരിയായ അന്നലീന രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. നിലവിലെ ധനമന്ത്രിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ഒലാഫ് ഷോൾസ് ചാൻസലറായേക്കും.
പത്തുദിവസത്തിനുള്ളിൽ സഖ്യത്തിലെ പാർലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ സർക്കാർ രൂപീകരണവുമായി മുന്നോട്ടു നീങ്ങുമെന്നു ഷോൾസ് അറിയിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ചാൻസലർ ആംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സഖ്യ സർക്കാരാണ് നിലവിൽ അധികാരത്തിലുള്ളത്. മെർക്കൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.