25 November, 2021 07:08:11 AM
മഗ്ദലന ആൻഡേഴ്സണ് സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
സ്റ്റോക്ക്ഹോം: സോഷ്യല് ഡെമോക്രാറ്റിക് നേതാവും ധനമന്ത്രിയുമായ മഗ്ദലന ആൻഡേഴ്സണെ (54) സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി പാര്ലമെന്റ് തെരഞ്ഞെടുത്തു. 349 അംഗ പാർലമെന്റിൽ 117 പേര് മഗ്ദലനയെ അനുകൂലിച്ചും 174 പേര് എതിര്ത്തും വോട്ടു ചെയ്തു. 57 പേര് വോട്ടെടുപ്പില്നിന്നു വിട്ടുനിന്നു ഒരാള് ഹാജരായില്ല.
സ്വീഡനിലെ നിയമമനുസരിച്ച് പ്രധാനമന്ത്രിക്ക് പാര്ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണ ആവശ്യമില്ല. എതിര്ക്കുന്നവരുടെ എണ്ണം ഭൂരിപക്ഷത്തിൽ (174) കൂടാന് പാടില്ലെന്നാണു വ്യവസ്ഥ. ഗ്രീൻ പാർട്ടിയുടെ പിന്തുണയോടെ മഗ്ദലന ന്യൂനപക്ഷ സർക്കാർ രൂപീകരിക്കും. സ്ത്രീസമത്വത്തിനും ലിംഗസമത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണു സ്വീഡൻ.
ഈ മാസം ആദ്യമാണ് മഗ്ദലനയെ സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടി നേതാവായി തെരഞ്ഞെടുത്തത്. സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടിയിലെതന്നെ പ്രധാനമന്ത്രി സ്റ്റാഫന് ലോഫ്വെന് നവംബര് 10നു രാജിവച്ചിരുന്നു. ഇടത്, മധ്യപക്ഷ പാർട്ടികളുടെ പിന്തുണയോടെ ലോഫ്വെൻ ന്യൂനപക്ഷ സർക്കാരാണു നയിച്ചിരുന്നത്. 2022 സെപ്റ്റംബറില് സ്വീഡനില് പൊതുതെരഞ്ഞെടുപ്പ് നടക്കും.