23 November, 2021 08:14:53 AM
യമനിലെ ഹൂത്തി വിമതരുടെ താവളത്തിന് നേരെ സൗദി വ്യോമാക്രമണം
സനാ: യമന് തലസ്ഥാനമായ സനായിലെ ഹൂത്തി വിമത കേന്ദ്രത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രണം. സനായിലും സനായ്ക്ക് പുറത്തുള്ള ദഹ്ബാനിലുമാണ് സൗദി സഖ്യകക്ഷികൾ ആക്രമണം നടത്തിയത്. രഹസ്യ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് തുടർച്ചയായി വ്യോമാക്രമണം നടത്തിയതെന്ന് സൗദി സഖ്യം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
സനായും ചുറ്റുമുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് സിവിലിയൻമാർക്ക് സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. സിവിലിയൻ അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായി സഖ്യം അറിയിച്ചു. മിസൈൽ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്.
3,200 മീറ്റർ നീളമുള്ള ഒറ്റ റൺവേയുള്ള സനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനും ലാൻഡിംഗിനും ഇടയിൽ ഹൂതി തീവ്രവാദികൾ എയർ സിസ്റ്റത്തിൽ പരീക്ഷണം നടത്തുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷി പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. ഹൂതി തീവ്രവാദികൾ വിമാനത്താവളത്തെ സൈനിക ബാരക്കുകളാക്കി മാറ്റിയെന്നാണ് സൗ സഖ്യം വാദിക്കുന്നത്. വിമാനത്താവളത്തിൽ മിസൈൽ, ഡ്രോൺ സംഭരണം നടത്തുന്നുണ്ടെന്നും സൗദി ആരോപിക്കുന്നു.