20 November, 2021 06:43:30 PM


നിരത്തുകൾ നിറയെ ഞണ്ടുകൾ; ക്രിസ്മസ് ദ്വീപിൽ ലോക്ക്ഡൗൺ!



കാന്‍ബറ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ഞണ്ടുകളെ കൊണ്ട് നിറഞ്ഞു. ഞണ്ടുകൾ കാട്ടിൽ നിന്നും കടൽ തീരത്തേക്ക് നടത്തുന്ന കൂട്ട പാലായനമാണ് ക്രിസ്മസ് ദ്വീപില്‍ നടക്കുന്നത്. നൂറും ആയിരവുമല്ല, അഞ്ച് കോടിയിലധികം ചുവന്ന ഞണ്ടുകളാണ് തീരത്തേക്ക് പാലായനം ചെയ്യുന്നത്. പ്രപഞ്ചത്തിലെ ജീവികൾക്കിടയിലുള്ള ഏറ്റവും വലിയ പാലായനമാണ് എല്ലാ വർഷവും നടക്കാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദ്വീപിലെ നിരത്തുകൾ ഞണ്ടുകൾ കീഴടക്കിയതോടെ പലയിടത്തും റോഡുകൾ അടക്കുകയും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

ഓരോ വർഷവും 50 ദശലക്ഷം ചുവന്ന ഞണ്ടുകളാണ് കടൽ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. 'ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ടുകളുടെ പാലായനം പൂർണ തോതിലെത്തിയാൽ, എല്ലായിടത്തും ഞണ്ടുകളായിരിക്കും. വീടിന്‍റെയും ഓഫീസിന്‍റെയും വാതിലിൽ വരെ.' പരിസ്ഥിതി സംഘടനയായ പാർക്ക്‌സ് ഓസ്‌ട്രേലിയയുടെ വക്താവ് പറഞ്ഞു. വർഷാവർഷമുള്ള സംഭവമായതിനാൽ കടലിലേക്ക് നീങ്ങുന്ന ഞണ്ടുകൾക്ക് വേണ്ടി ദ്വീപ് അധികൃതർ പ്രത്യേക പാതകളും റോഡ് മുറിച്ചു കടക്കാൻ തൂക്കുപാലവും നിർമിച്ചിട്ടുണ്ട്. ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷികളാകാൻ ലോകത്തുടനീളമുള്ള സഞ്ചാരികൾ ഈ മാസങ്ങളിൽ ദ്വീപിലെത്താറുമുണ്ട്.

ഞണ്ടുകളുടെ ഈ പാലായനത്തിൽ ആൺ ഞണ്ടുകളാണ് തീരത്ത് ആദ്യമായി എത്തുക. പിന്നാലെ പെൺ ഞണ്ടുകളും. തീരത്ത് ആദ്യമെത്തുന്ന ആൺ ഞണ്ടുകൾ മാളങ്ങൾ ഒരുക്കും. പിന്നീട് തീരത്തെത്തുന്ന പെൺ ഞണ്ടുകൾക്കൊപ്പം മാളങ്ങളിലോ അതിനടുത്തോ വച്ച് ഇണ ചേരും. ഇണ ചേരാന്‍ മാത്രമാണ് അവര്‍ തീരത്തെത്തുന്നത് എന്നാണ് ഏറെ കൗതുകകരം. ഇണചേരൽ കഴിഞ്ഞാൽ ആൺ ഞണ്ടുകൾ തിരികെ മടങ്ങും. പെൺ ഞണ്ടുകൾ രണ്ടാഴ്ച കൂടി മാളങ്ങളിൽ തുടരും. ഈ കാലയളവിൽ അവ മുട്ടയിടുകയും അടയിരിക്കുകയും ചെയ്യുന്നു. അടയിരിക്കൽ കാലം തീരുമ്പോഴേക്കും വേലിയേറ്റമാകും. വേലിയേറ്റത്തിൽ പെൺ ഞണ്ടുകൾ മുട്ടകൾ സമുദ്രത്തിലേക്ക് ഒഴുക്കിവിടും. ഇതോടെ പെൺ ഞണ്ടുകളും തിരികെ കാട്ടിലേക്ക് മടങ്ങും. കടലിൽ എത്തുന്ന മുട്ടകൾ മൂന്ന് - നാല് ആഴ്ച പ്രായമാകുമ്പോൾ വിരിയും.

വിരിഞ്ഞ കുഞ്ഞുങ്ങളുടെ പുറന്തോടിന് ബലം വയ്ക്കാൻ കുറച്ചു ദിവസങ്ങളെടുക്കും. ശരീരം പുഷ്ടിവയ്ക്കുന്നതോടെ ഇവയും കാട്ടിലേക്ക് യാത്രയാകും. ആദ്യത്തെ മൂന്നു വർഷം ഇവ കരിങ്കല്ലുകൾക്കിടയിലും താഴെ വീണ മരത്തടികൾക്കുമിടയിലാണ് ജീവിക്കുക. നാല്-അഞ്ചു വർഷം കൊണ്ടാണ് ഇവ ലൈംഗിക വളർച്ച പ്രാപിക്കുന്നത്. ഇതോടെ ഇവയും വാർഷിക പാലായനത്തിന്‍റെ ഭാഗമാകും. സാധാരണ ഗതിയിൽ ഇലകളും പഴങ്ങളും പൂക്കളും ഭക്ഷിക്കുന്ന ഞണ്ടുകൾ സമുദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം കൂട്ടത്തിലുള്ള ഞണ്ടിൻ കുഞ്ഞുകളെയാണ് ഭക്ഷണമാക്കുക. അതുകൊണ്ട് തന്നെ കാട്ടിൽ നിന്നും പുറപ്പെടുന്ന പല ചെറു ഞണ്ടുകളും കടലിലേക്ക് എത്താറില്ല എന്നത് സാരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K