20 November, 2021 08:25:23 AM
വീണ്ടും ലോക്ഡൗൺ: ജനങ്ങൾ രോക്ഷാകുലരായി റോഡിൽ; ഏറ്റുമുട്ടി ഡച്ച് പോലീസ്
റോട്ടർഡാം: നെതർലൻഡ്സിൽ പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ജനങ്ങൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ഡച്ച് പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ഇതേത്തുടർന്നു പോലീസ് വെടിവയ്ക്കുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് നെതർലൻഡ്സ് സർക്കാർ.
പുതിയ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കോവിഡ് വാക്സിൻ പാസ് ഏർപെടുത്തുകയും പുതുവത്സര ആഘോഷത്തിന് പടക്കങ്ങൾ പൊട്ടിക്കുന്നതും സർക്കാർ നിരോധിച്ചിരുന്നു. സർക്കാർ നടപടികളിൽ രോഷം പ്രകടിപ്പിച്ച് നൂറോളം പേരാണ് റോഡിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വക്താവ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ റോട്ടർഡാമിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. നെതർലാൻഡ്സിൽ കഴിഞ്ഞ ശനിയാഴ്ചയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഹേഗിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.