17 November, 2021 10:08:24 AM
പാക്കിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യം; യുഎന്നിൽ രൂക്ഷവിമർശനവുമായി ഇന്ത്യ
ന്യൂയോർക്ക്: പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദത്തെ ആഗോളത്തലത്തിൽതന്നെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഇത്തരത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് പറഞ്ഞു.
പാക് അധിനിവേശ കാഷ്മീരിൽനിന്ന് പാക്കിസ്ഥാൻ പിൻമാറണം. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ മുന്നറിയിപ്പ് നൽകി. ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ഇന്ത്യ മറുപടി നൽകി. പാക്കിസ്ഥാനിൽനിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഉറച്ചതും നിർണായകവുമായ നടപടി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തിൽ മാത്രം നടത്താനാകുന്ന ഏത് സംഭാഷണത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്നും കാജൽ ഭട്ട് പറഞ്ഞു. പാക്കിസ്ഥാൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും സാധാരണ അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ഭീകരവാദവും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ അർഥവത്തായ ഏത് സംഭാഷണവും നടത്താൻ കഴിയൂ. അത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണ്. അതുവരെ അതിർത്തി കടന്നുള്ള പ്രതികരണത്തിന് ഇന്ത്യ ഉറച്ചതും നിർണായകവുമായ നടപടികൾ തുടരുമെന്നും കാജൽ ഭട്ട് കൂട്ടിച്ചേർത്തു.