31 October, 2021 10:33:19 AM
മുൻ ഭർത്താവിനെ വധിക്കാൻ വാടക കൊലയാളി; മുൻ സിറ്റി പോലീസ് ഓഫീസർക്ക് തടവ്
ന്യൂയോർക്ക്: വിവാഹ മോചനം നേടിയ ഭർത്താവിനെ വധിക്കുന്നതിന് വാടക കൊലയാളിയെ കണ്ടെത്തുന്നതിന് കാമുകന് 7000 ഡോളർ പ്രതിഫലമായി നൽകിയ കേസിൽ ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് ഓഫിസർ വലേറി സിൻസി നെല്ലി (37) യെ നാലു വർഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ടു ന്യൂയോർക്ക് ഫെഡറൽ കോടതി ഒക്ടോബർ 29 വെള്ളിയാഴ്ച ഉത്തരവിട്ടു.
കേസിൽ 2019ൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ഓഫിസർ രണ്ടു വർഷം പൂർത്തിയാക്കിയതിനാൽ പന്ത്രണ്ടു മാസങ്ങൾക്കുശേഷം ഇവർക്ക് ജയിൽ മോചിതയാകാം. ജയിലിൽ മാന്യമായി പെരുമാറിയതിനാൽ ശേഷിക്കുന്ന കാലാവധി വിട്ടുതടങ്കിൽ കഴിയുന്നതിനാണ് ലോണ ഐലന്റ് ഫെഡറൽ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാമുകൻ ജോണ് ഡെറുന്പയോട് മുൻ ഭർത്താവിനെ മാത്രമല്ല കാമുകന്റെ 13 വയസുള്ള മകളെ കൂടി വധിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വലേറി അയച്ച സന്ദേശം ഫോണിൽ പകർത്തുന്നതിനും വിഡിയോ റെക്കോർഡു ചെയ്യുന്നതിനും കാമുകൻ ജോണ് തയാറായി.
ഇതിനിടയിൽ ജോണ് മറ്റൊരു കേസിൽ ഉൾപ്പെട്ടു ജയിലിലായി. ജയിലിൽ വെച്ചും കാമുകൻ വലേറിയുമായി ഫോണിൽ ബന്ധപ്പെട്ടതും റെക്കോർഡ് ചെയ്യപ്പെട്ടു. ജോണ് ഡറുന്പാ അറസ്റ്റിലായതോടെ വധശ്രമം പരാജയപ്പെട്ടു. ചോദ്യം ചെയ്തതിനെ തുടർന്ന് വിവരങ്ങൾ എല്ലാം പോലീസിന് ലഭിച്ചു.
നാഡു കൗണ്ടി പോലീസ് വലേറിയുടെ വീട്ടിൽ എത്തി മുൻ ഭർത്താവ് കൊല്ലപ്പെട്ടുവെന്ന് അറിയിച്ചുവെങ്കിലും എങ്ങനെ സംഭവിച്ചുവെന്ന് ഇവർ ചോദിച്ചിട്ടില്ല. ഇതൊരു നാടകമായിരുന്നു. പിന്നീട് ഇതേകുറിച്ച് വലേറിയായും ജോണും തമ്മിൽ നടന്ന സംഭാഷണവും റെക്കോർഡ് ചെയ്യപ്പെട്ടു. തുടർന്നാണ് അറസ്റ്റും വിചാരണയും നടന്നത്. ഏപ്രിലിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി