27 October, 2021 12:54:37 PM
കൂടുതൽ തെളിവുകൾ വേണം; കൊവാക്സിന് അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ കൊവാക്സിന് ആഗോള അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവാക്സിൻ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്താൻ കൂടുതൽ തെളിവുകൾ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സമിതി അറിയിച്ചു. കൊവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു.
കൊവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശക സമിതി നവംബർ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് ട്വീറ്റിലൂടെ അറിയിച്ചു. ഇന്നത്തെ യോഗത്തിൽ കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഭാരത് ബയോടെക്കില്‍ കൂടുതൽ രേഖകളും പരീക്ഷണ റിപ്പോർട്ടുകളും സമർപ്പിച്ചെങ്കിലും പരിശോധനയില്‍ സംഘടനാ സമിതിക്ക് കാര്യങ്ങള്‍ തൃപ്തികരമായില്ല.
പുതിയതോ ലൈസൻസില്ലാത്തതോ ആയ ഉൽപന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്തുകയെന്നത്. അടുത്ത യോഗത്തിൽ അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണു കരുതുന്നത്. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമെരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല.