29 September, 2021 09:21:27 AM
പരീക്ഷിച്ചത് ഹൈപ്പർ സോണിക് മിസൈൽ; ആവനാഴി നിറച്ച് ഉത്തര കൊറിയ
സീയൂൾ: ഉത്തരകൊറിയ ചൊവ്വാഴ്ച പരീക്ഷിച്ചത് ഹൈപ്പർസോണിക് മിസൈൽ ആയ ഹ്വാസോംഗ്-8 എന്ന് റിപ്പോർട്ട്. പുതിയ മിസൈൽ പരീക്ഷണം വിജയമായിരുന്നെന്നെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് ഹ്വാസോംഗ്-8 എന്നാണ് കരുതുന്നത്. ഉത്തരകൊറിയ ഈമാസം നടത്തുന്ന മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. അഞ്ച് വർഷത്തെ സൈനിക വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ആയുധ സംവിധാനങ്ങളിൽ ഒന്നാണ് പുതിയ മിസൈൽ എന്നാണ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.
പ്യോംഗ്യാംഗിൽ ആയുധ സാങ്കേതികവിദ്യ വളരുന്നതിന്റെ മറ്റൊരു സൂചനയാണ് ചൊവ്വാഴ്ചത്തെ പരീക്ഷണത്തെ വിദഗ്ധർ വിലയിരുത്തുന്നത്. തങ്ങൾക്ക് ആയുധങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനും ഉത്പാദിപ്പിക്കാനും അവകാശമുണ്ടെന്നാണ് ഉത്തര കൊറിയൻ അംബാസഡർ പരീക്ഷണത്തിനു തൊട്ടുമുന്പായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞത്. ഈ മാസമാദ്യം ഉത്തരകൊറിയ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിനു യുഎൻ വിലക്കുണ്ട്. ഇത് മറികടന്നാണ് ഉത്തരകൊറിയ പരീക്ഷണം നടത്തുന്നത്.