28 September, 2021 12:43:01 PM


കടലിലേക്ക് ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; സംശയമെന്ന് അയൽ രാജ്യങ്ങൾ



സോൾ: ഇന്നു പുലർച്ചെ കടലിലേക്ക് ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ച അവരുടെ ആത്മാർഥതയിൽ സംശയം ജനിപ്പിക്കുന്നതാണ് അവസാന മിസൈൽ പരീക്ഷണമെന്ന് അയൽ രാജ്യങ്ങൾ. ദക്ഷിണ കൊറിയൻ സർക്കാരിന്‍റെ ദേശീയ സുരക്ഷാ കൗൺസിൽ അടിയന്തരമായി ചേർന്ന് ഉത്തര കൊറിയയുടെ നടപടിയെ അപലപിച്ചു. ഉത്തര കൊറിയയുടെ വടക്കൻ മലനിര പ്രവിശ്യയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ കടലിൽ പതിച്ചതായാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്.

അമെരിക്കയ്ക്കോ സഖ്യകക്ഷികൾക്കോ അവരുടെ ഭൂപ്രദേശങ്ങൾക്കോ തത്കാലം ഭീഷണിയൊന്നുമില്ലെന്ന് യുഎസ് ഇന്തോ-പസഫിക് കമാൻഡ് പ്രസ്താവനയിൽ വെളിപ്പെടുത്തി. എന്നാൽ, ഉത്തര കൊറിയൻ ആണവ പദ്ധതികളിലെ ആശങ്ക വർധിപ്പിക്കുന്നതാണ് ഈ പരീക്ഷണമെന്നും യുഎസ്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും തന്‍റെ സർക്കാർ ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

‌ഈ മാസം മൂന്നാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിൽ പ്രസംഗിച്ച ഉത്തര കൊറിയൻ അംബാസഡർ കിം സോങ് രാജ്യത്തിന്‍റെ ആണവപദ്ധതികളെ ന്യായീകരിച്ചിരുന്നു. യുഎസ് ഭീഷണി മറികടക്കാനാണ് ആണവ പദ്ധതിയെന്നാണ് കിം അവകാശപ്പെട്ടത്. കൊറിയൻ മേഖലയിൽ പുതിയൊരു യുദ്ധം ഇല്ലാതിരിക്കുന്നത് യുഎസിന്‍റെ കരുണ കൊണ്ടല്ല, ഉത്തര കൊറിയയുടെ കരുത്തുകൊണ്ടാണെന്നും കിം അവകാശപ്പെട്ടു.     


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K