27 September, 2021 06:24:44 PM
താടി വെട്ടാനും വടിക്കാനും പാടില്ല; ബാര്‍ബര്‍മാരെ വിലക്കി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ ബാര്‍ബര്‍മാരെ താടി ഷേവ് ചെയ്യുന്നതില്‍ നിന്നും വെട്ടി ചെറുതാക്കുന്നതില്‍ നിന്നും വിലക്കി താലിബാന്‍. താടി വടിക്കുന്നത് ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം ലംഘിക്കുന്നുവെന്നാണ് താലിബാന്‍ പറയുന്നത്.നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും താലിബാന്‍ മത പൊലീസ് പറയുന്നു. തലസ്ഥാനമായ കാബൂളിലെ ചില ബാര്‍ബര്‍മാര്‍ക്കും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്.
തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ സലൂണുകളില്‍ പതിപ്പിച്ച നോട്ടീസില്‍, മുടി വെട്ടുന്നതിനും താടി വെക്കുന്നതിനും ശരീഅത്ത് നിയമം പാലിക്കണമെന്ന് താലിബാന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.ആര്‍ക്കും പരാതിപ്പെടാന്‍ അവകാശമില്ല,'' നോട്ടീസില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1996 മുതല്‍ 2001 വരെ താലിബാന്‍ ആദ്യമായി അധികാരത്തിലിരുന്നപ്പോള്‍, അഫ്ഗാനിസ്ഥാനില്‍ ആകര്‍ഷകമായ ഹെയര്‍സ്‌റ്റൈലുകള്‍ നിരോധിക്കുകയും പുരുഷന്മാര്‍ താടി വളര്‍ത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
സൗമ്യമായ ഒരു ഭരണമായിരിക്കും നടപ്പിലാക്കുക എന്ന വാഗ്ദാനം ഉണ്ടായിരുന്നിട്ടും, താലിബാന്‍ തങ്ങളുടെ മുന്‍ഭരണകാലത്തെ കര്‍ശനവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് കാണുന്നത്.കഴിഞ്ഞ മാസം അധികാരം ഏറ്റെടുത്തതിനു ശേഷം, താലിബാന്‍ എതിരാളികള്‍ക്ക് എതിരെ കടുത്ത ശിക്ഷകളാണ് നടപ്പാക്കുന്നത്. ശനിയാഴ്ച, താലിബാന്‍ ഭീകരര്‍ നാല് പേരെ വെടിവെച്ചു കൊല്ലുകയും, അവരുടെ മൃതദേഹങ്ങള്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ തെരുവുകളില്‍ കെട്ടിതൂക്കുകയും ചെയ്തു.