25 September, 2021 09:06:58 PM
അഫ്ഗാൻ ഭീകരതയുടെ മണ്ണാക്കി മാറ്റാനാവില്ല: യുഎന്നിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂയോർക്ക്: ഭീകരവാദത്തിനെതിരേ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങൾ ഭീകരവാദം രാഷ്ട്രീയ ആയുധമാക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിന്റെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റിയതായും മോദി കുറ്റപ്പെടുത്തി. കോവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. യുഎൻ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ മണ്ണാണ് ഭാരതം. ജനാധിപത്യത്തിന്റെ ജന്മഭൂമിയെയാണ് താൻ പ്രതിനിധീകരിക്കുന്നത്. ഭാരതം ശ്രദ്ധേയമാകുന്നത് അതിന്റെ വൈവിധ്യത്തിലാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയെന്നും മോദി പറഞ്ഞു. ഇന്ത്യ വളരുമ്പോൾ ലോകവും വളരുകയാണ്. ഇന്ത്യ ആദ്യ ഡിഎൻഎ വാക്സിൻ വികസിപ്പിച്ചു. വാക്സിൻ ഉത്പാദനത്തിന് ആഗോള കമ്പനികൾക്ക് സ്വാഗതമെന്നും മോദി കൂട്ടിച്ചേർത്തു.