25 September, 2021 12:59:47 PM
ക്വാഡ് ഉച്ചകോടിക്കു ശേഷം മോദി ന്യൂയോർക്കിൽ; പൊതുസഭയെ അഭിസംബോധന ചെയ്യും
ന്യൂയോർക്ക്: ക്വാഡ് ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിൽ നിന്ന് ന്യൂയോർക്കിലെത്തി. ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്താറാം സമ്മേളനത്തെ ഇവിടെ മോദി ഇന്ന് അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തിൽ വിർച്വലായി നടന്ന സമ്മേളനം ഈ വർഷം വീണ്ടും അംഗരാജ്യങ്ങൾ നേരിട്ടു പങ്കെടുത്തു നടത്തുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മോദി പൊതുസഭാ സമ്മേളനത്തിൽ സംസാരിക്കുക. 130 കോടി ജനങ്ങളുടെ ശബ്ദം പൊതുസഭയിൽ മോദി ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സാന്ധുവും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയും ചേർന്ന് ന്യൂയോർക്ക് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. 2019ലാണ് മോദി അവസാനമായി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ തവണ ലോക നേതാക്കൾ മുൻകൂട്ടി റെക്കോഡ് ചെയ്ത വിഡിയോകൾ നൽകുകയായിരുന്നു. ഇക്കുറിയും അറുപതോളം നേതാക്കളുടെ അഭിസംബോധന വിഡിയോ വഴിയാണ്. പൊതുസഭയിലെ പ്രസംഗത്തിനു ശേഷം മോദി ഇന്ത്യയിലേക്കു മടങ്ങും.