16 September, 2021 09:27:01 AM
ആര്‍ക്കും ഇനി ബഹിരാകാശം ചുറ്റികാണാം; സ്പേസ് എക്സിന്റെ ടൂറിസ്റ്റ് പേടകം വിക്ഷേപിച്ചു
വാഷിംഗ്ടൺ: സാധാരണക്കാർക്കും ഇനി ബഹിരാകാശമൊക്കെ ചുറ്റിക്കറങ്ങി കാണാം. ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്ന പദ്ധതിയ്ക്ക് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി തുടക്കം കുറിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വിനോദ സഞ്ചാരികൾ മാത്രമുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. പേടകത്തിൽ ബഹിരാകാശ വിദഗ്ധരല്ലാത്ത നാല് സാധാരണക്കാർ മാത്രമാണ് ഉള്ളത്.
ശനിയാഴ്ച സംഘം മടങ്ങിയെത്തും. ഇന്സ്പിരേഷന് 4 എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകനും സിഇഒയുമായ ജാരെഡ് ഐസാക്മാൻ, ഹാലി ആര്‍സെനോക്സ്, സിയാന് പ്രോക്ടര്‍, ക്രിസ് സെബ്രോസ്കി എന്നിവരാണ് പേടകത്തിലെ യാത്രികർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ യാത്രയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലായിരുന്നു. ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല. പകരം വിക്ഷേപണത്തിന് ശേഷം മൂന്ന് ദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശത്തെ കാഴ്ചകള്‍ അതിമനോഹരമായി കാണാന്‍ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിന്‍ഡോയും സ്ഥാപിച്ചിട്ടുണ്ട്.