09 September, 2021 06:58:53 PM


അധ്യാപകർ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിന് വിലക്ക്; സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം



ഇസ്ലാമാബാദ്: അധ്യാപകര്‍ ടീഷര്‍ട്ടുകളും ജീന്‍സുകളും സ്‌കൂളില്‍ ധരിക്കാന്‍ പാടില്ലെന്ന് പാക്കിസ്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. പാക്കിസ്താനിലെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്റെ (എഫ്ഡിഇ) തിങ്കളാഴ്ച ഇറക്കിയ വിജ്ഞാപനത്തില്‍ വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്‌സും ധരിക്കരുതെന്ന് നിർദ്ദേശം. ഇതിന് പിന്നാലെ, പുരുഷ അധ്യാപകര്‍ ജീന്‍സും, ടീഷര്‍ട്ടും ധരിക്കരുതെന്ന അറിയിപ്പും എത്തി. വിദ്യാഭ്യാസത്തിലാണ് ശ്രദ്ധപതിപ്പിക്കേണ്ടതെന്നാണ് എഫ്ഡിഇ പറയുന്നത്.

രാജ്യത്തെ എല്ലാ പ്രിന്‍സിപ്പാള്‍മാരോടും അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും (പുരുഷന്മാരും സ്ത്രീകളും) പതിവ് മുടിവെട്ടല്‍, താടി വെട്ടല്‍, നഖം മുറിക്കല്‍, പെര്‍ഫ്യൂമിന്റെ ഉപയോഗം എന്നിവ ഉള്‍പ്പെടെ വ്യക്തിപരമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എഫ്ഡിഇ നിര്‍ദ്ദേശിച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക ഒത്തുചേരലുകള്‍, ചടങ്ങുകള്‍, മീറ്റിംഗുകള്‍ എന്നിവയ്ക്കായി എത്തുമ്പോള്‍ പാലിക്കേണ്ട വസ്ത്രധാരണ രീതിയെക്കുറിച്ചും വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

''എല്ലാ അദ്ധ്യാപക ജീവനക്കാരും ക്ലാസുകളില്‍ ടീച്ചിംഗ് ഗൗണ്‍ ധരിക്കണം, ലബോറട്ടറികളില്‍ പ്രായോഗിക ക്ലാസുകള്‍ പഠിപ്പിക്കുമ്പോള്‍ ലാബ് കോട്ടുകള്‍ അണിയണം. ജീന്‍സുകള്‍, ടീഷര്‍ട്ടുകള്‍ എന്നിവ നിരോധിച്ചിരിക്കുന്നതിനാല്‍, ഉചിതമായ വസ്ത്രമായി കണക്കാക്കുന്നത് ലളിതവും മാന്യവുമായ സല്‍വാര്‍ കമ്മീസ്, ട്രൗസറുകള്‍, ദുപ്പട്ട/ഷാള്‍ ഉള്ള ഷര്‍ട്ട് തുടങ്ങിയവയാണ്. പര്‍ദ ധരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌കാര്‍ഫ്/ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ട്, പക്ഷെ കാഴ്ചയില്‍ അത് വൃത്തിയുള്ളതായ രൂപം ഉറപ്പാക്കണം,''വിജ്ഞാപനത്തെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരുഷന്മാര്‍ക്കും അനുയോജ്യമായ വസ്ത്രധാരണ രീതി നിര്‍ദ്ദേശിച്ചിട്ടുണ്ട്, ''കാലാവസ്ഥയ്ക്ക് അനുസൃതമായി ലളിതവും മാന്യവുമായ വേസ്റ്റ് കോട്ടോട് കൂടിയ സല്‍വാര്‍ കമ്മീസ്. ഷര്‍ട്ടും (ടൈ ഉപയോഗിച്ച് ഫുള്‍ സ്ലീവ്), ട്രൗസറും (ഡ്രസും, കോട്ടണ്‍ പാന്റും മാത്രം) ധരിക്കുക.'' അധ്യാപനസമയത്ത് അനുയോജ്യമായ ഷൂസുകളും സ്‌നിക്കേഴ്‌സും അനുവദനീയമാണെങ്കിലും, സ്ലിപ്പറുകള്‍ കര്‍ശനമായി ധരിക്കാന്‍പാടില്ലെന്നും എഫ്ഡിഇ കൂട്ടിച്ചേര്‍ത്തു.

ഡോണ്‍ പ്രതിനിധി എഫ്ഡിഇയുടെ ഒരു ഡയറക്ടറെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു, ''ഈ വിജ്ഞാപനം ഒരു നല്ല ഉദ്ദേശ്യത്തോടെയാണ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകുന്നതിനാല്‍ ശരിയായ വസ്ത്രധാരണം പാലിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.''

അധ്യാപകര്‍ക്ക് ധരിക്കാനുള്ള 'ഉചിതമായ വസ്ത്രം' എന്ന് തരത്തില്‍ ഈ നടപടിക്ക് വളരെ കുറച്ച് പിന്തുണയും ലഭിച്ചെങ്കിലും, എഫ്ഡിഇയുടെ വിജ്ഞാപനത്തിനെതിരെ പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ചിലര്‍ ഇത് വസ്ത്രം ധരിക്കാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ ഇത് ഫാസിസവും ഏകാധിപത്യവുമാണെന്ന് ആരോപിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K