02 September, 2021 01:25:26 PM
കാരറ്റുമായി മകന്‍ പറ്റിച്ച പണി; ലൈവ് ടിവി അഭിമുഖത്തിനിടെ ഞെട്ടി ന്യൂസിലന്‍ഡ് മന്ത്രി !
വെല്ലിംഗ്ടൺ: കോവിഡ് ലോകത്തെ കീഴടക്കിയതോടെ ഓണ്‍ലൈനിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരും നിരവധി അബദ്ധങ്ങളില്‍ ചെന്നുചാടുന്നത് പതിവായിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രൊഫഷണലുകള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട്. വീട്ടിലെ സ്ഥിതിഗതികളും കുട്ടികളുമാണ് ഏറെയും ജോലിക്കിടയില്‍ അലോസരം സൃഷ്ടിക്കാറുള്ളത്. അത്തരത്തിലൊന്നാണ് ന്യൂസിലന്‍ഡിലെ സാമൂഹിക വികസന മന്ത്രിയായ കാര്‍മെല്‍ സെപുലോനിയ്ക്ക് സംഭവിച്ചത്.
ഓണ്‍ലൈനില്‍ വീട്ടിലിരുന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു വനിതാ മന്ത്രിയായ കാര്‍മെല്‍ സെപുലോനി. സൂം ഇന്‍റര്‍വ്യൂ നടക്കുന്നതിനിടെ ഒരു കാരറ്റുമായി റൂമിലേക്കുനടന്നുവന്ന മകനാണ് ഇവിടെ വില്ലനായത്.
മകന്‍ കാരറ്റ് സ്‌ക്രീനിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതു വാങ്ങിയെടുക്കാന്‍ കാര്‍മെല്‍ പാടുപെടുന്നതുമാണ് പതിനെട്ടു സെക്കന്‍റ് നീളുന്ന വീഡിയോയിലുള്ളത്. പുരുഷ ജനനേന്ദ്രിയവുമായി രൂപസാദൃശ്യമുള്ള കാരറ്റാണ് മകന്‍ ഉയര്‍ത്തിക്കാണിച്ചത് എന്നതുകൊണ്ടുതന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു. ആകെ നാണക്കെട്ടു പോയ മന്ത്രി മകനെ റൂമില്‍ നിന്ന് ഓടിക്കുകയായിരുന്നു.
ഒരു കാരറ്റുമായി ഒച്ചയുയര്‍ത്തി സൂം ഇന്‍റര്‍വ്യൂ ചെയ്യുന്നതിനിടെ മകന്‍ കടന്നുകയറിയ നിമിഷം. ഏറെക്കുറെ ആ കാരറ്റിനു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ഞങ്ങള്‍ മല്‍പ്പിടുത്തത്തിലായിരുന്നു. അതെ, ഇപ്പോള്‍ ഞാന്‍ അതോര്‍ത്തു ചിരിക്കുകയാണ്, പക്ഷേ അപ്പോള്‍ ചിരിക്കുകയായിരുന്നില്ല… വീഡിയോ പങ്കുവച്ച് കാര്‍മെല്‍ ട്വീറ്റ് ചെയ്തു. വര്‍ക് ഫ്രം ഹോ ചെയ്യുന്ന രക്ഷിതാക്കളെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റും പിന്നാലെ കാര്‍മെല്‍ പങ്കുവെച്ചു. നിരവധി പേരാണ് കാര്‍മെലിന്‍റെ വീഡിയോ പങ്കുവച്ച് സമാനമാണ് തങ്ങളുടേയും വീടുകളിലെയും അവസ്ഥ എന്ന് പറഞ്ഞത്.a