02 September, 2021 10:58:32 AM
മൂന്ന് കൊമ്പുള്ള ദിനോസറിന്‍റെ 660 വർഷം പഴക്കമുള്ള അസ്ഥികൂടം ലേലത്തിന്
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ ട്രൈസെറാറ്റോപ്പായ (മൂന്നു കൊമ്പുള്ള ദിനോസർ) 'ബിഗ് ജോൺ' എന്നറിയപ്പെടുന്ന ദിനോസറിന്റെ അസ്ഥികൂടം ലേലത്തിന് വയ്ക്കുന്നതായി റിപ്പോർട്ട്. ഒക്ടോബറിൽ അസ്ഥികൂടം വിൽക്കാൻ പാരീസിലെ ഒരു ലേല സ്ഥാപനം ശ്രമിക്കുന്നതായാണ് വിവരം. തലയിലെ മൂന്ന് കൊമ്പുകൾ കാരണമാണ് ദിനോസറുകളിൽ ഏറ്റവും വ്യത്യസ്തമായ ഇവയെ ട്രൈസെറാടോപ്പുകൾ എന്നു വിളിക്കുന്നത്. മുക്കൊമ്പന്മാർ എന്നതിന്റെ ലാറ്റിൻ പേരാണ് ട്രൈസെറാടോപ്പ്. ഒന്ന് മൂക്കിൽ, നെറ്റിയിൽ രണ്ട് എന്നിങ്ങനെയാണ് ഇവയുടെ കൊമ്പുകളുടെ സ്ഥാനം.
66 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതും എട്ട് മീറ്റർ നീളമുള്ളതുമായ 'ബിഗ് ജോൺ' എന്നറിയപ്പെടുന്ന ഈ അസ്ഥികൂടമാണ് നിലവിലുള്ളതിൽ ഏറ്റവും വലിയ അസ്ഥികൂടം. പാരീസിലെ ഡ്രൂട്ട് ഓക്ഷൻ സെന്ററിൽ പ്രദർശിപ്പിക്കുന്ന 'ബിഗ് ജോണിന്റെ' അസ്ഥികൂടം ഒക്ടോബർ 21ന് ലേല വിദഗ്ധനായ ജിക്വെല്ലോയാണ് അവതരിപ്പിക്കുന്നത്. ഇത് 1.2 മുതൽ 1.5 മില്യൺ യൂറോയ്ക്ക് അതായത് ഏകദേശം 13 കോടിയോളം രൂപയ്ക്ക് വിൽക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മുൻകാലങ്ങളെ വച്ച് നോക്കുമ്പോൾ ദിനോസർ ലേലത്തിന്റെ വിൽപ്പന വളരെ പ്രവചനാതീതമാണ്.
ഈ അസ്ഥികൂടത്തിന് എക്സ്പോർട്ട് ലൈസൻസുണ്ട്. കൂടാതെ ഇത് വാങ്ങാനായി നിരവധിയാളുകൾ കാത്തിരിക്കുന്നുണ്ടെന്നും അലക്സാണ്ടർ ജിക്വെല്ലോ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ പാരീസിലെ ഡ്രൂട്ട് എക്സിബിഷൻ ഗാലറിയിൽ വച്ചാണ് ഈ അസ്ഥികൂടത്തിന്റെ രണ്ട് മീറ്റർ വീതിയുള്ള തലയോട്ടിയും 200 ഓളം എല്ലുകളും വലിയ കൊമ്പുകളും കൂട്ടി യോജിപ്പിച്ചത്. തലയോട്ടിയുടെ 75 ശതമാനം ഉൾപ്പെടെ ഈ അസ്ഥികൂടത്തിന്റെ 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. 2014 ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലാണ് ഭൂമിശാസ്ത്രജ്ഞനായ വാൾട്ടർ ഡബ്ല്യു സ്റ്റെയിൻ ബിൽ ബിഗ് ജോണിനെ കണ്ടെത്തിയത്.
ദിനോസർ അസ്ഥികൂടങ്ങൾക്ക് ലേലങ്ങളിൽ പലപ്പോഴും റെക്കോർഡ് വില ലഭിക്കാറുണ്ട്. പലപ്പോഴും പബ്ലിക്ക് മ്യൂസിയങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കും വിലയുടെ കാര്യത്തിൽ സ്വകാര്യ വ്യക്തികളെ മറികടക്കാൻ കഴിയാറില്ല. ഇക്കഴിഞ്ഞ ഒക്ടോബറിൽ, ഏറ്റവും പഴക്കം ചെന്ന ദിനോസറുകളിലൊന്നായ ഒരു അപൂർവ ഇനമായ അലോസോറസ് അസ്ഥികൂടത്തെ പാരീസിൽ ലേലം ചെയ്തിരുന്നു. അജ്ഞാതനായ ഒരു വ്യക്തിയാണ് ഈ അസ്ഥികൂടം ലേലത്തിൽ വാങ്ങിയത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, 67 ദശലക്ഷം വർഷം പഴക്കമുള്ള ടി-റെക്സ് അസ്ഥികൂടം ന്യൂയോർക്കിൽ 31.8 മില്യൺ ഡോളർ തുകയ്ക്കാണ് വിറ്റത്. അത് അന്നു വരെയുള്ള ദിനോസർ അസ്ഥികൂടത്തിന്റെ ലേല റെക്കോർഡുകളെ തകർത്തിരുന്നു. 6 മുതൽ 8 മില്യൺ ഡോളർ വരെ കണക്കാക്കിയിരുന്ന ആകെ മൂല്യത്തെ മറികടക്കുകയും ചെയ്തു. എന്നാൽ 2020ൽ, പാരീസിൽ നടന്ന ദിനോസർ അസ്ഥികൂടത്തിന്റെ ലേലത്തിൽ വാങ്ങാനുള്ളവരെ കണ്ടെത്താൻ പോലും കഴിയാതെ ഇരുന്നിട്ടുമുണ്ട്.