30 August, 2021 10:23:45 AM
കത്രീനയുടെ പിൻഗാമിയായി ഐഡയും: ഇരുട്ടിലായി ലൂസിയാന സംസ്ഥാനം
ന്യൂ ഓർലെൻസ്: ഐഡ ചുഴലിക്കാറ്റ് തീരത്തെത്തിയതോടെ ന്യൂ ഓർലെൻസിൽ വൈദ്യുതി ബന്ധം ഏറെക്കുറെ എല്ലായിടത്തും താറുമാറായി. ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ലൂസിയാന സംസ്ഥാനത്തെ 750,000 വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. അത് പുനഃസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
2005ൽ ലൂസിയാനയിലും മിസിസിപ്പിയിലും കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ച ദിവസം തന്നെയാണ് ഐഡയും തീരം തൊട്ടത്. ഐഡ കരയിലേക്ക് പ്രവേശിച്ച ഗ്രാൻഡ് ഐലീയിൽ കടൽ പ്രക്ഷുബ്ധമാണ്. വടക്കൻ മെക്സിക്കോ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗം 240 കിലോമീറ്ററാണ്. കാറ്റഗറി നാലിലുള്ള ചുഴലിക്കാറ്റിനെത്തുടർന്ന് നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശവാസികളെ ന്യൂ ഓർലെൻസ് വിമാനത്താവളത്തിലൂടെയാണ് മാറ്റിയത്.