29 August, 2021 03:53:09 PM
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ ഈ സ്ഥാനം എന്തിന് - വി ഡി സതീശൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയില്ലെന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്ഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമാണ് ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കാനായി ഇത്രയധികം ചർച്ച നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ചർച്ചകൾ നടന്നിരുന്നെങ്കിൽ കുറേകൂടി മെച്ചപ്പെട്ട ലിറ്റ് തയാറാക്കാമായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞതെന്നും സതീശൻ വിശദീകരിച്ചു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങൾക്ക് ലിസ്റ്റ് നൽകിയിരുന്നുവെന്നും സതീശൻ പറഞ്ഞു. താരിഖ് അൻവറും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ചകൾ നടത്തിയിരുന്നു. അവർക്കും ഇരുവരും പേരുകൾ നൽകി.
അവർ കൊടുത്ത പേരുകൾ അങ്ങനെ തന്നെ വീതം വച്ച് ഏഴ്-ഏഴായി കൊടുക്കാൻ ആണെങ്കിൽ തങ്ങൾ ഈ സ്ഥാനത്ത് ഇരിക്കേണ്ടല്ലോ. ചിലപ്പോൾ അവർ അതായിരിക്കും ആഗ്രഹിക്കുന്നത്. പണ്ട് അങ്ങനെ ആണല്ലോ എന്നും സതീശൻ പറഞ്ഞു.
നേരത്തെ എ.കെ. ആന്റണിയും കെ. കരുണാകരനും നേതൃത്വസ്ഥാനം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നൽകിയപ്പോൾ ഇവർ അവരോട് ആലോച്ചിച്ചാണോ കാര്യങ്ങൾ ചെയ്തത്. ആന്റണി പറയുമായിരുന്നു നേതൃത്വം നിങ്ങളിലേക്ക് കൈമാറിയതിനാൽ നിങ്ങൾ എന്ത് തീരുമാനം കൊണ്ടുവന്നാലും അത് താൻ അംഗീകരിക്കുമെന്ന്. കരുണാകരുനുമായി ഒരിക്കലും ഒരു ചർച്ചയും നടന്നിരുന്നില്ലെന്നും സതീശൻ പറഞ്ഞു.
പേരുകൾ ചർച്ച ചെയ്യേണ്ടന്ന് ആന്റണി ഇത്തവണ തങ്ങളോടും പറഞ്ഞു. പേരുകൾ നിങ്ങൾ ചർച്ച ചെയ്താൽ മതിയെന്നും ആന്റണി പറഞ്ഞു. പട്ടികയുടെ പൂർണ ഉത്തരവാദിത്വം തനിക്കും സുധാകരനും ഉണ്ട്. എല്ലാവരുമായി ചർച്ച ചെയ്താണ് തീരുമാനം കൈകൊണ്ടത്. സമ്മർദങ്ങൾക്ക് വഴങ്ങിയിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ചർച്ച നടത്തിയില്ല എന്ന ഭാഗം തെറ്റാണ്
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയില്ലെന്ന പ്രസ്താവനകൾ തെറ്റാണെന്നും സതീശൻ ആവർത്തിച്ചു. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആലോചിച്ചാണ് ചർച്ചയ്ക്കുള്ള ഷെഡ്യൂൾ പോലും തയാറാക്കിയത്. എംപിമാരും എംഎൽഎമാരുമായും താനും കെപിസിസി അധ്യക്ഷനും ചർച്ച നടത്തി.
അതിനുശേഷം രണ്ടു തവണ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലുമായും താനും സുധാകരനും ചർച്ചകൾ നടത്തി. അതിനുശേഷം ജില്ലാ നേതാക്കൻമാരുമായും ആശവിനിമയം നടത്തി. ഏത് കാലത്താണ് ഇതുപോലെയാണ് ചർച്ച നടത്തിയതെന്നും സതീശൻ ചോദിച്ചു.
18 വർഷത്തെ രീതിയിൽ മാറ്റം
കഴിഞ്ഞ 18 വർഷമായി നടത്തിയ രീതിയിൽനിന്നും വ്യത്യസമായിട്ടാണ് കാര്യങ്ങൾ ഇത്തവണ കൈകാര്യം ചെയ്തത്. ഞങ്ങൾ വരുന്പോൾ മാറ്റം ഉണ്ടാകും. പുതിയ രീതിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. ഒരുപാടുപേരുടെ അഭിപ്രായം കേട്ടു. താനും സുധാകരനും ഒരു മുറിയിൽ ഇരുന്ന് തയറാക്കിയ ലിറ്റ് അല്ല ഹൈക്കമാൻഡിന് നൽകിയതെന്നും സതീശൻ പറഞ്ഞു.
ഇത്രയും വേഗത്തിൽ ഇത്രയും നന്നായി ലിസ്റ്റ് ഉണ്ടാക്കിയ ഒരു കാലവും ഉണ്ടാകില്ല. ലിസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് ചിലർ പറയുന്നു. അവർ തന്നെ ലിസ്റ്റ് വൈകിപ്പിക്കാൻ ശ്രമിക്കുന്നു. അതിനാൽ ഇത്തവണ കൃത്യമായ ഷെഡ്യൂൾ തയാറാക്കിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്ത്.