28 August, 2021 07:45:59 PM
കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വാക്സിൻ - മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സിൻ സ്വീകരിക്കുകയെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും വേഗം വാക്സിൻ എടുക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷംപേരും വാക്സിൻ എടുക്കാത്തവരാണ്. കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ എടുത്തിട്ടും മരണപ്പെട്ടവർ രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിച്ച പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവും രോഗപ്രതിരോധ ശേഷി കൂടുതലുമാണ്. വാക്സിനെതിരായ അശാസ്ത്രിയവും വാസ്തവവിരുദ്ധവുമായ പ്രചരണങ്ങൾ തള്ളിക്കളയണം. പ്രായമായവരെയും അനുബന്ധ രോഗമുള്ളവരെയും വാക്സിൻ എടുക്കാൻ നിർബന്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.