21 July, 2021 01:17:05 PM


ഈ വിവാഹ വസ്ത്രത്തിന് ഒരു പ്രത്യേകത ഉണ്ട്; ഉപയോഗിച്ച് കളഞ്ഞ 1500 മാസ്കുകളാണിത്




ലണ്ടന്‍: വിവാഹ വേഷത്തിലുള്ള ഒരു യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യുകെയില്‍ നിന്നുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളില്‍  ശ്രദ്ധേയമാകുന്നത് യുവതിയുടെ വളരെ പ്രത്യേകതയുള്ള ഗൗണ്‍ തന്നെ. മാസ്‌ക് ഉപയോഗിച്ചാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉപയോഗശേഷം ആളുകള്‍ വലിച്ചെറിഞ്ഞ 1,500 വെളുത്ത മാസ്‌കുകള്‍ ഉപയോഗിച്ചാണ് ഗൗണ്‍ തയ്യാറാക്കിയത്. ഡിസൈനര്‍ ടോം സില്‍വര്‍വുഡ് ആണ് ഈ ആശയത്തിന് പിന്നില്‍.


ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇനിമുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. നിയന്ത്രണങ്ങളെല്ലാം അവസാനിച്ചതിന്റെ 'സ്വാതന്ത്ര്യ ദിനം' ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാഹ ഗൗണ്‍ അനാച്ഛാദനം ചെയ്തത്. മോഡല്‍ ജെമിമ ഹാംബ്രോയാണ് മനോഹരമായ വെളുത്ത വിവാഹ ഗൗണ്‍ ധരിച്ച്‌ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തത്. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിന് സമീപത്തുവച്ചായിരുന്നു ഫോട്ടോഷൂട്ട്.


ലോകത്ത് കൊവിഡ് വ്യാപനം ആരംഭിച്ചതോടെ മാസ്‌കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ ഡിസ്‌പോസിബിള്‍ മാസ്‌കിന്റെ ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഓരോ ആഴ്ചയും യുകെയില്‍ 100 ദശലക്ഷം മാസ്‌കുകള്‍ വലിച്ചെറിയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ഫോട്ടോഷൂട്ടിന്റെ ലക്ഷ്യം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K