09 July, 2021 05:36:27 PM


ആറു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ തീപിടിത്തം; 49 മരണം



ധാക്ക: ബംഗ്ലദേശിലെ രൂപ്ഗഞ്ചിലെ ആറു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. 49 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. രക്ഷപ്പെടുന്നതിനായി ചിലർ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതായും റിപ്പോർട്ടുണ്ട്.


ജ്യൂസ് ഫാക്ടറിയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. താഴത്തെ നിലയിലുണ്ടായ അഗ്നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തിൽ വേഗം പടർന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. പതിനെട്ടോളം അഗ്നിശമന സേന യൂണിറ്റുകളാണ് ഫാക്ടറിയിലെ തീയണയ്ക്കാനായി എത്തിയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബന്ധുക്കളും മറ്റുള്ളവരും അവർക്കായി തിരച്ചിൽ നടത്തുകയാണ്. 


കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റും പുറത്തേക്കിറങ്ങാൻ ആകെയുള്ള എക്സിറ്റ് ഗേറ്റും അപകട സമയത്ത് അട‍ഞ്ഞുകിടക്കുകയായിരുന്നെന്ന് ഫാക്ടറി ജീവനക്കാരുടെ ബന്ധുക്കളും രക്ഷപ്പെട്ട തൊഴിലാളികളും ആരോപിച്ചു. കെട്ടിടം കൃത്യമായ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.


ഫാക്ടറി തീപിടിത്തം ബംഗ്ലാദേശിൽ ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച ഉണ്ടായിരുന്നിട്ടും ദക്ഷിണേഷ്യൻ രാജ്യത്തെ ഇപ്പോഴും ബാധിക്കുന്ന സുരക്ഷാ വീഴ്ചകളാണ് ഇവയ്ക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. പശ്ചാത്യ ബ്രാൻഡ് കമ്പനികളിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്നത്. ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്നാണ് ആരോപണം.


2019 ഫെബ്രുവരിയിൽ, 400 വർഷം പഴക്കമുള്ള പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. അപ്പാർട്ടുമെന്റുകൾ, കടകൾ, വെയർഹൗസുകൾ എന്നിവക്കാണ് തീപിടിച്ചത്. അന്ന് 67 പേർ മരിച്ചു. ഓൾഡ് ധാക്കയിൽ രാസവസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്ന വീട്ടിൽ 2010 ൽ ഉണ്ടായ മറ്റൊരു തീപിടുത്തത്തിൽ 123 പേർ മരിച്ചു. 2013 ൽ ധാക്കയ്ക്ക് സമീപം ഒരു വസ്ത്ര ഫാക്ടറി സമുച്ചയം തകർന്ന് 1,100 ൽ അധികം ആളുകൾ മരിച്ചതിനെത്തുടർന്ന് അധികൃതർ കർശന സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K