01 July, 2021 09:42:32 AM
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി ആഘോഷത്തിന് തുടക്കം; ആരെയും അടിച്ചമർത്തില്ലെന്ന് ഷി
ബെയ്ജിംഗ്: ചൈന ഒരു രാജ്യത്തെയും അടിച്ചമർത്താൻ ശ്രമിക്കില്ല. ചൈനയെ തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ തല തകർക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ടിയാനൻമെൻ സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷിലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാൻ സാധിക്കൂ. ചൈനീസ് സ്വഭാവങ്ങളുള്ള സോഷ്യലിസത്തിന് മാത്രമേ ചൈനയെ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയെ ഭീഷണിപ്പെടുത്താനോ അടിച്ചമർത്താനോ കീഴ്പ്പെടുത്താനോ തങ്ങൾ ആരെയും ഒരിക്കലും അനുവദിക്കില്ല. അതിനായി ധൈര്യപ്പെടുന്ന ഏതൊരാളുടെ തലയും 1.4 ബില്യൺ ചൈനക്കാർ പണിതുയർത്തിയ മതിലിൽ ഇടിച്ച് തകർക്കും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ വളർച്ച തടയാൻ അമേരിക്ക നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ടിയാനൻമെൻ സ്ക്വയറിൽ തടിച്ചുകൂടിയ 70,000 ആളുകളെ സംബോധന ചെയ്താണ് പ്രസിഡന്റ് സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങുകളിൽ പോർവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രകടനങ്ങൾ നടന്നു. ആഘോഷ പരിപാടികളോട് അനുബന്ധിച്ച ബെയ്ജിംഗിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.