20 May, 2021 08:13:23 AM
കൊവിഡ് 19; ആഗോളതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങി യുഎസ്
വാഷിംഗ്ടൻ: കൊവിഡ് വാക്‌സിനേഷൻ എടുത്തവർക്ക് മാസ്‌ക് ധരിക്കൽ നിർബന്ധമല്ലാതാക്കിയ നടപടിക്ക് പിന്നാലെ നൊവിഡ് ആക്ടുമായി അമേരിക്ക. കൊവിഡ് വ്യാപനത്തെ ഒരു പരിധി വരെ ചെറുത്ത അമേരിക്ക, വൈറസിന്റെ മറ്റൊരു വകഭേദമോ വീണ്ടുമൊരു വ്യാപനമോ ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കുകയാണ് നൊവിഡ് ആക്ടിലൂടെ. അമേരിക്കൻ കോൺഗ്രസ് പ്രതിനിധി രാജ കൃഷ്ണമൂർത്തിയാണ് നൊവിഡ് നിയമം പ്രഖ്യാപിച്ചത്.
2003 മുതൽ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച എയ്ഡ്‌സ് റിലീഫ് ആക്ട്, രണ്ടാം ലോക മഹായുദ്ധകാലത്ത് സഖ്യകക്ഷികളെ സഹായിക്കാൻ കൊണ്ടുവന്ന ലെൻഡ് ലീസ് ആക്ട് എന്നിവയിൽ നിന്നാണ് നൊവിഡ് നിയമം എന്ന ആശയം ഉണ്ടായത്. കൊവിഡ് മഹാമാരി ലോകം മുഴുവൻ ബാധിച്ച വൈറസാണ്. അതിന്റെ വകഭേദങ്ങൾ കൂടുതൽ അപകടകാരികളാണ്. ഈ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള വിവിധ പദ്ധതികളാണ് നൊവിഡ് ആക്ടിലൂടെ സാധ്യമാക്കുകയെന്ന് രാജ കൃഷ്ണമൂർത്തി പറഞ്ഞു. നൊവിഡ് നിയമത്തിന് കീഴിൽ വാക്‌സിൻ ഉൾപ്പെടെയുള്ള സഹായങ്ങൾ ലോകരാജ്യങ്ങൾക്ക് എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക.