11 May, 2021 08:31:49 AM
ഫലസ്തീനിൽ ഇസ്രയേൽ വ്യോമാക്രമണം; ഇരുപതിലധികം പേർ കൊല്ലപ്പെട്ടു
ജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിന്‍റെ വെടിവെപ്പിന് പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.
'ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്' -സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ 215 പേർക്ക് പരിക്കേറ്റിരുന്നു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്‍റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്. ഇസ്രായേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്‍റെ ഭാഗമായി ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.