09 May, 2021 08:48:43 AM
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും
ന്യൂയോർക്ക് : ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂമിയിലേക്ക് പതിക്കും മുൻപ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ വച്ച് കത്തിനശിക്കും എന്നാണ് ചൈനയുടെ വാദം.
മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം ഏപ്രിൽ 29നാണ് നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമായിരുന്നു ഇത്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.