07 May, 2021 07:45:00 PM


ഓണ്‍ലൈന്‍ പഠനവും കുട്ടികളുടെ 'അപഥസഞ്ചാര'വും: മുന്നറിയിപ്പുമായി പോലീസ്



കോട്ടയം: കോവിഡ്‌ -19 വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടയ്ക്കുകയും പഠനം ഓണ്‍ലൈന്‍ രീതിയിലേയ്ക്ക് മാറുകയും ചെയ്തതോടെ കുട്ടികള്‍ക്ക്  മൊബൈല്‍ ഫോണും കമ്പ്യൂട്ടറും  ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കേണ്ടി വന്നു. കുട്ടികള്‍ മുഴുവന്‍ സമയവും മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും  ചിലവഴിക്കുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്.


സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ അവസാനിച്ചതോടെ രക്ഷിതാക്കള്‍ അവരവരുടെ തൊഴിലിനായി പോവുകയും കുട്ടികള്‍ വീട്ടില്‍ തനിച്ചാവുകയും ചെയ്തു. കുട്ടികള്‍  പുറത്ത് പോകുന്നില്ലല്ലോ എന്ന് സമാധാനിച്ച രക്ഷിതാക്കളുടെ സന്തോഷം തല്ലികെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒന്നുരണ്ടു മാസം ഈ രീതിയില്‍ മുന്‍പോട്ടു പോയപ്പോള്‍ കുട്ടികളില്‍ മുന്‍പ് കണ്ടിട്ടില്ലാത്തവിധം പല സ്വഭാവരീതികളും കണ്ടു തുടങ്ങിയതാണ് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.


കോട്ടയം ജില്ലാ പോലിസ്  കുട്ടികളുടെ ഉന്നമനത്തിനായി നടത്തിവരുന്ന ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയിലെ ഉദ്യോഗസ്ഥരെ ഇത്തരം പ്രശ്നങ്ങളുമായി സമീപിച്ച രക്ഷിതാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുകയാണ്. ഹൃദയം തകര്‍ന്ന നിലയിലാണ് പലരും ഈ ഉദ്യോഗസ്ഥരെ സമീപിച്ചത്. പിന്നാലെ കുട്ടികളിലെ ഫോണ്‍ ഉപയോഗം തീര്‍ച്ചയായും മോണിട്ടര്‍ ചെയ്യപ്പെടേണ്ട ഒന്നാണെന്ന മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

  

ഗെയിമിംഗ് അഡിക്ഷന്‍ 


സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗമുള്ള വ്യക്തി.  ഇളയ മകന്‍ എട്ടാം ക്ലാസ്സില്‍.  വീട്ടില്‍ സ്നേഹവും  ലാളനയും ആവോളം. അച്ചടക്കത്തില്‍ വളരുന്ന കുട്ടികള്‍.  ഇന്നുവരെ സ്നേഹബഹുമാനങ്ങളോടെ മാത്രമേ അച്ഛനോട് സംസാരിച്ചിട്ടുള്ളൂ.  മൊബൈലില്‍ കുറെ നേരമായി ഇരിക്കുന്നത് കണ്ട് കുറച്ചു നേരം മൊബൈല്‍ മാറ്റി വയ്ക്കാന്‍ അച്ഛന്‍ അവനോടു പറഞ്ഞു.  കേട്ട ഭാവം ഇല്ല. പത്തു മിനിട്ട് കഴിഞ്ഞ്  'നിന്നോടല്ലേ മൊബൈല്‍ മാറ്റി വയ്ക്കാന്‍ പറഞ്ഞത്' എന്ന് അല്പം ശബ്ദമുയര്‍ത്തി കാര്‍ക്കശ്യത്തില്‍ പറഞ്ഞ അച്ഛന്‍ മകന്‍റെ മറുപടി കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.   


'പോടാ നീ പോയി നിന്‍റെ പണി നോക്ക്' എന്ന മകന്‍റെ മറുപടി കേട്ട ആ അച്ഛന്‍, തന്‍റെ പിഞ്ചുകുഞ്ഞിന് എന്തുപറ്റി എന്നോര്‍ത്ത് തളര്‍ന്നു പോയി. മൊബൈല്‍ കൈവിടാന്‍ മകന്‍ ഒരുതരത്തിലും സന്നദ്ധനല്ല. പോലിസിനെ സമീപിച്ചപ്പോള്‍ ആണ് അറിയുന്നത് ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം ആണ് മകന്‍ കളിക്കുന്നത് എന്ന്.  സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അറിയുന്നു കുറെ ദിവസമായി അവന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറുന്നില്ല.  


മറ്റൊരു ഏഴാം ക്ലാസ്സുകാരന്‍ നാല്‍പതിനായിരം രൂപ അച്ഛന്‍റെ അക്കൌണ്ടില്‍ നിന്നും ഫ്രീ ഫയര്‍ ഗെയിമില്‍ തോക്കുകളും മറ്റു ആയുധങ്ങളും വാങ്ങാന്‍ ചിലവഴിച്ചു.  അവനോടു ചോദിച്ചപ്പോള്‍ ഞാന്‍ പൈസ ഇന്‍വെസ്റ്റ്‌ ചെയ്തിരിക്കുകയാണ് എന്നാണു മറുപടി.  ഗയിം ഉയര്‍ന്ന ലെവലില്‍ എത്തിച്ചു മറ്റൊരാള്‍ക്ക് വില്പന നടത്തി കൂടുതല്‍ പണം നേടാനാണ്  ഈ കുട്ടി ശ്രമിച്ചിരുന്നത്.  മൊബൈല്‍ മാറ്റി വച്ചതോടെ പലതരത്തിലുള്ള ഭീഷണികള്‍. പരീക്ഷ എഴുതില്ല, തോറ്റുകളയും, ഭക്ഷണം കഴിക്കില്ല, വിളമ്പി വച്ച ഭക്ഷണം എടുത്ത് വലിച്ചെറിഞ്ഞു കളയുന്നു, അനുജത്തിയെ നോവിക്കും എന്നിങ്ങനെ ആയി വാശികള്‍. 'എനിക്ക് പതിനെട്ടു വയസ്സ് തികയട്ടെ കൂലി പണി ചെയ്ത്  ഗെയിം കളിക്കും' എന്ന് കുട്ടിയുടെ ഭീഷണി.  


ഒരു ഡോക്ടറുടെ മകനായ  എട്ടാം ക്ലാസ്സ്കാരന്‍ ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയാണ് ഫ്രീഫയറില്‍  തോക്ക് വാങ്ങാന്‍  അമ്മയുടെ അക്കൌണ്ടില്‍ നിന്നും കളഞ്ഞത്. അമ്മ കുളിക്കാന്‍ കയറിയപ്പോള്‍ അമ്മയുടെ ഫോണ്‍  കൈക്കലാക്കി നിമിഷനേരം കൊണ്ട് അമ്മയുടെ ഫോണ്‍ ഉപയോഗിച്ച്  ഫ്രീ ഫയര്‍ അക്കൌണ്ടില്‍ കയറി തോക്കും ഉപകരണങ്ങളും വാങ്ങി.  അക്കൌണ്ടില്‍  നിന്നും പൈസ ഡെബിറ്റ് ആയ മേസജും പയ്യന്‍ ഡിലീറ്റ് ചെയ്തു. പല പ്രാവശ്യം പൈസ ഇതുപോലെ എടുത്തു കഴിഞ്ഞപ്പോള്‍ അക്കൌണ്ടില്‍ നാല് രൂപ മാത്രമായി.  മിനിമം ബാലന്‍സ് ഇല്ലാത്തത്തിന്‍റെ മെസേജ്  വന്നപ്പോള്‍ ആണ് ഡോക്ടര്‍ ബാങ്കിലേയ്ക്ക് ഓടിയത്. അപ്പോഴാണ്‌ വിവരങ്ങള്‍ അറിഞ്ഞു ഞെട്ടുന്നത്.  എട്ടാം ക്ലാസ്സുകാരന്‍ ഒഴിഞ്ഞ സ്ഥലത്ത് മൊബൈല്‍ ഫോണുമായി പോയിരുന്ന്  ഫോണില്‍ നോക്കി ഉറക്കെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറയുന്നത് പതിവായി. ഫോണ്‍ ശ്രദ്ധിച്ചപ്പോള്‍ ആണ് മനസ്സിലായത് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നതിനിടയില്‍ ആവേശം മൂത്ത് തെറി പറയുന്നതാണെന്ന്.  


ഫ്രീഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അഡിക്ഷന്‍ ആകുന്ന നിരവധി  കുട്ടികളുടെ രക്ഷിതാക്കള്‍ ആണ് ഇതൊനോടകം ഗുരുകുലം ടീമിനെ സമീപിച്ചത്. ഗെയിമില്‍ നിന്നും പിന്‍ തിരിപ്പിക്കുമ്പോള്‍ മിക്കവാറും കുട്ടികള്‍ ഭയങ്കരമായ വാശിയും നിരാശയും, അക്രമ സ്വഭാവവും  ഒക്കെ പ്രകടിപ്പിക്കുന്നുണ്ട്.


സോഷ്യല്‍ മീഡിയ അഡിക്ഷന്‍


ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കേവലം ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ്.  കൂടുതല്‍ ഒഴിവു സമയം കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്‌.  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കു വേണ്ടി ഓരോ കുട്ടിക്കും പ്രത്യേകം മൊബൈല്‍  വാങ്ങി നല്‍കിയിട്ടുണ്ട് രക്ഷിതാക്കള്‍. ഒഴിവു സമയത്ത് കൂടുതലും മൊബൈലില്‍ ചിലവഴിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഇത് സോഷ്യല്‍ മീഡിയ അഡിക്ഷനിലെക്ക്  കുട്ടികളെ നയിക്കുന്നു. വീടിന്‍റെ ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തിരുന്നു സ്വസ്ഥമായി ക്ലാസ് കേള്‍ക്കുന്ന കുട്ടിക്ക് താന്‍ ഒറ്റയ്ക്കാണ് എന്ന ചിന്ത പ്രബലമാകുന്നു കാലക്രമത്തില്‍. ക്ലാസ്സുകളില്‍ ലോഗിന്‍ ചെയ്തിട്ട് ക്ലാസ് വിന്‍ഡോ മിനിമൈസ് ചെയ്തു സോഷ്യല്‍ മീഡിയയിലും ഗെയിമുകളിലും വ്യാപരിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നു. 


പരിചയമില്ലാത്ത പല ആളുകളുമായി കൌതുകത്തിനു വേണ്ടി തുടങ്ങിയ  പല തരത്തിലുള്ള ബന്ധങ്ങളും പിന്നീട് തിരികെ കയറാന്‍ സാധിക്കാത്ത ചതിക്കുഴികളിലാണ്  കുഞ്ഞുങ്ങളെ എത്തിച്ചത്.  കഴിഞ്ഞ ദിവസം  ഏഴാം ക്ലാസ്സുകാരി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കഞ്ചാവ് കച്ചവടക്കാരനായ യുവാവ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും സ്വര്‍ണ്ണവും പണവും കൈക്കലാക്കുകയും ചെയ്തു.  


സെക്സ് വീഡിയോ അഡിക്ഷന്‍   


കൌമാരക്കാരായ കുട്ടികളുടെ കയ്യില്‍ സ്വതന്ത്രമായി മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യാന്‍ കിട്ടിയതോടു കൂടി സെക്സ് വീഡിയോകള്‍ കാണാന്‍ തുടങ്ങുകയും പിന്നീട് അത് മണിക്കൂറുകള്‍ തുടര്‍ച്ചയായി കാണുകയും ചെയ്യുന്ന ശീലത്തിലെയ്ക്ക് എത്തിയ കുട്ടികള്‍ നിരവധി. വീട്ടിലെ അല്ലറ ചില്ലറ അസ്വസ്ഥതകള്‍ മുതലെടുത്ത്‌ അനാവശ്യ ബന്ധങ്ങളില്‍ എത്തിപ്പെട്ട പെണ്‍കുട്ടികള്‍ ഒരുപാടുണ്ട്.  മൂന്നും നാലും ആളുകളുമായി ഒരേ സമയം പ്രേമബന്ധങ്ങളില്‍ പെടുന്നവരും ഉണ്ട്. ജ്യേഷ്ടന്‍ കാര്‍ ഓടിക്കാന്‍ നല്‍കിയില്ല എന്ന കാരണത്താല്‍ പതിനെട്ടുകാരി  കാര്‍ ഓടിക്കാന്‍ പഠിക്കാനുള്ള ആഗ്രഹവുമായി മെസഞ്ചറില്‍  അഞ്ചു യുവാക്കളോടാണ്  ആഗ്രഹം പ്രകടിപ്പിച്ചത്.  ഇതിനു പ്രതിഫലമായി സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി. ഇത്തരം സമാനതകളുള്ള  നിരവധി സംഭവങ്ങളാണ് കഴിഞ്ഞ  കുറച്ചു മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.  


നമ്മുടെ കുട്ടികള്‍ കുഴപ്പക്കാരല്ല. പക്ഷെ തിരിച്ചറിവുകള്‍ ആയി വരുന്ന പ്രായമായതിനാല്‍ അവരെ  തെറ്റുകളില്‍ വീഴാതെ ഉത്തമ പൌരന്മാരായി നയിക്കേണ്ട ചുമതല നമുക്കോരോരുത്തര്‍ക്കും ഉണ്ട് എന്നതിനാല്‍ കോട്ടയം ജില്ലാ പോലിസ് മേധാവി ഡി ശില്പയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ ഗുരുകുലം വിംഗ് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു.  


>  ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ ഒരുകാരണവശാലും കളിക്കാന്‍  സമ്മതിക്കരുത്. അഡിക്ഷന്‍ ഉണ്ടാക്കുന്ന വിവരം കുട്ടികളെ പറഞ്ഞ്  ബോധ്യപ്പെടുത്തുക.  


>  കുട്ടികള്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍  കയറുന്നുണ്ടെന്ന് ഇടയ്ക്ക് സ്കൂളില്‍ വിളിച്ച് ഉറപ്പു വരുത്തുക.

 
>  മുന്‍പില്ലാത്ത ദേഷ്യം,  മാതാപിതാക്കളോട് സ്നേഹക്കുറവ്,  മുറിഅടച്ചിരിക്കുക, മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളോടുള്ള താല്‍പര്യക്കുവ്,  കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ വിമുഖത തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.


>  കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന മൊബൈലില്‍ കൂടി ഓണ്‍ലൈന്‍   ഷോപ്പിംഗ്‌ , ബാങ്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതിരിക്കുക. 

 
>  കുട്ടികള്‍ക്ക് എന്തെങ്കിലും ഓണ്‍ ലൈന്‍ ആയി വാങ്ങണമെങ്കില്‍  രക്ഷിതാക്കള്‍ വാങ്ങി നല്‍കുക. ഓണ്‍ലൈന്‍ ബാങ്കിംഗ്  മറ്റു ഡിജിറ്റല്‍ പണമിടപാടുകളുടെ യൂസര്‍ നെയിം പാസ്സ്‌വേര്‍ഡ്‌  എന്നിവ കുട്ടികള്‍ക്ക് നല്‍കേണ്ടതില്ല.


>  രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലും  ഇത്തരം  യൂസര്‍ നെയിമുകളും പാസ്സ്‌വേര്‍ഡുകളും  റിമംബര്‍  ചെയ്തു വയ്ക്കാതിരിക്കുക.  


>  രാത്രി കിടക്കുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ മുറിക്ക് പുറത്ത് ഒരു കോമണ്‍ സ്ഥലത്ത്  നിര്‍ബന്ധമായും വയ്കാനുള്ള തീരുമാനം എടുപ്പിക്കുക. മൊബൈല്‍ ഫോണുമായി ബെഡ്റൂം അടച്ച് ഇരിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ല. 
 
>  പഠിക്കുന്ന സമയം ഒഴികെ മറ്റു സമയങ്ങളില്‍ വീട്ടില്‍ പൊതുവായ സംസാരവും തമാശകളും മറ്റു ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍  കുട്ടികളെ ശീലിപ്പിക്കുക. ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ ആണെങ്കില്‍ പഠന സമയം ഏകദേശം മനസ്സിലാക്കി വച്ചിട്ടു ബാക്കി സമയം  എന്തെങ്കിലും ക്രിയാത്മകമായ ജോലികള്‍ ഏല്‍പ്പിച്ചിട്ട് പോവുക.  ഇത് മുഴുവന്‍ സമയം ഇലക്ട്രോണിക് ഉപകരണങ്ങളില്‍  മുഴുകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. കുറച്ചു സമയം വ്യായാമത്തിനോ , മറ്റു ശാരീരിക അദ്ധ്വാനമുള്ള കാര്യങ്ങള്‍ക്കോ ചിലവഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.  


>  വീട്ടില്‍ പൊതുവായ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗ സംസ്കാരം ഉണ്ടാക്കി എടുക്കുക. രാത്രി  നിശ്ചിത സമയത്തിന് ശേഷം സോഷ്യല്‍ മീഡിയ, ഇന്റര്‍ നെറ്റ് എന്നിവ ഉപയോഗിക്കില്ല എന്നും   അത്യാവശ്യ / ഔദ്യോഗിക  ഫോണ്‍ കോളുകള്‍ മാത്രം അറ്റന്‍ഡ് ചെയ്യും എന്ന്  പൊതുവായി തീരുമാനിക്കുക.  


>  ബെഡ് റൂമില്‍ സോഷ്യല്‍ മീഡിയ/ ഇന്റര്‍ നെറ്റ് ഉപയോഗം രക്ഷിതാക്കളും ഒഴിവാക്കുക.  കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഇത് സഹായിക്കും.


>  കുട്ടികള്‍ തങ്ങളുടെ പ്രായത്തിലുണ്ടാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കും എന്നത് കൊണ്ട്, അവര്‍ക്ക് സാമാന്യ  അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

 
>  സമപ്രായക്കാരോടല്ലാതെ സൌഹൃദങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ ആയത് കര്‍ശനമായും നിരീക്ഷിക്കുകയും സമയബന്ധിതമായും സൌമ്യമായും ഇടപെടുകയും ചെയ്യുക. 

 
>  പത്തു വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും മാതാവും പിതാവും ഒന്നിച്ചിരുന്നു ലൈംഗികതയെ പറ്റിയും സദാചാര ബോധത്തെ പറ്റിയും, കൌമാര കാലഘട്ടത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ പറ്റിയും  നിശ്ചയമായും അറിവ് നല്‍കുക. അല്ലെങ്കില്‍ കൂട്ടുകാരില്‍ നിന്നോ  പോര്‍ണോഗ്രാഫി സൈറ്റുകളില്‍ നിന്നോ കിട്ടുന്ന വികലമായ അറിവുകള്‍ ആണ് അവര്‍ക്ക് ലഭിക്കുക. ഇത് കുട്ടിയുടെ സദാചാരബോധത്തെയും ധാര്‍മ്മികതയേയും വലിയൊരളവില്‍ ബാധിക്കാന്‍ സാധ്യത ഉണ്ട്. പതിനാറും പതിനേഴും വയസ്സുള്ള ആണ്‍കുട്ടികള്‍ തങ്ങളുടെ കുഞ്ഞനുജത്തിമാരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് ഈ കോവിഡ്‌  കാലയളവില്‍.  


>  വിവേചനം ഇല്ലാതെ കുട്ടികളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യാതെ അവരുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കി അവരുടെ കൂടെ നിന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനം തേടുക.


കോട്ടയം ജില്ലാ പോലിസിന്‍റെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത്തരം കാര്യങ്ങളില്‍ സഹായം ആവശ്യമായി വന്നാല്‍ നോഡല്‍ ഓഫീസര്‍ കോട്ടയം  ഡിവൈഎസ്പി  എം അനില്‍കുമാര്‍ (9497990050), കോ-ഓര്‍ഡിനേറ്റര്‍  അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ. ആര്‍  (9447267739),  സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മിനിമോള്‍ കെ. എം (9497931888) എന്നിവരെ ബന്ധപ്പെടാം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K