04 May, 2021 09:18:34 AM
27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; ബില്‍ ഗേറ്റ്‌സും മെലിൻഡയും വേര്‍പിരിഞ്ഞു
ബ്ലൂംബെർഗ്: 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ബിൽ ഗേറ്റ്സും മെലിൻഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദമ്പതിമാരെന്ന രീതിയിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയുമെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അതിനാൽ പിരിയുന്നുവെന്നുമാണ് ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. വളരെയധികം ചിന്തിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരുവരും പറയുന്നു.
1980കളിലാണ് ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിൽ കണ്ടുമുട്ടുന്നത്. ബിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചപ്പോഴായിരുന്നു അത്. പ്രൊഡക്ട് മാനേജരായി 1987ലാണ് മെലിൻഡ മൈക്രോസോഫ്റ്റിൽ ചേരുന്നത്. പിന്നീട് അടുപ്പത്തിലായ ഇവർ 1994-ൽ വിവാഹിതരായി.
മൂന്ന് മക്കളാണ് ദമ്പതിമാർക്ക്. ഇരുവരും ചേർന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തിയിരുന്നത്. പകർച്ചവ്യാധികൾക്കെതിരായ പോരാട്ടം, കുട്ടികൾക്കുളള പ്രതിരോധ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപയാണ് സംഘടന ചെലവഴിച്ചത്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ബിൽഗേറ്റ്സ്. ഫോബ്സ് കണക്കുകൾ പ്രകാരം 124 ബില്യൺ യുഎസ് ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി.