23 April, 2021 11:19:55 AM
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ വിലക്ക്
ടോറന്റോ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കാനഡ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ പാകിസ്താനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും കാനഡയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിന്റേതാണ് തിരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും കാനഡില്‍ എത്തിയ യാത്രക്കര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താത്കാലികമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങള്‍ക്കെല്ലാം വിലക്ക് ബാധകമാണ്. എന്നാല്‍ ചരക്കു വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. മരുന്ന്, വാക്‌സിന്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും നിയന്ത്രണം ബാധകമല്ല.
30 ദിവസത്തേക്കാണ് ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ കാനഡയില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം നിലവിലെ വിലക്ക് താത്കാലികമാണെന്നും വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ടുള്ള കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനഡ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.